
ദേശീയ താൽപ്പര്യം സംരക്ഷിക്കും: ഇന്ത്യ
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവനയോട് കരുതലോടെയുള്ള പ്രതികരണവുമായി ഇന്ത്യ.
ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റിൻ്റെ പ്രസ്താവന സർക്കാരിൻ്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. അതിൻ്റെ പ്രത്യാഘാതങ്ങൾ സർക്കാർ പഠിച്ച് കൊണ്ടിരിക്കുകയാണ്, അമേരിക്കൻ തീരുമാനത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണത്തിൽ ഇന്ത്യ പറഞ്ഞു.
നമ്മുടെ കർഷകരുടെയും, സംരംഭകരുടെയും, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും സ്ഥിതി സംരക്ഷിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ അതീവ പ്രാധാന്യം നൽകുന്നു.
ബ്രിട്ടനുമായുള്ള ഏറ്റവും പുതിയ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ ഉൾപ്പെടെയുള്ള വ്യാപാര കരാറുകളുടെ കാര്യത്തിലെന്നപോലെ, നമ്മുടെ ദേശീയ താൽപ്പര്യം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും.
ഇന്ത്യയും, അമേരിക്കയും ന്യായവും, സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിൽ എത്തുന്നതിനുള്ള ചർച്ചകളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏർപ്പെട്ടിരിക്കുകയാണ്. ആ ലക്ഷ്യത്തിൽ ഞങ്ങൾ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണ്, പ്രസ്‌താവന വ്യക്തമാക്കി.


