TMJ
searchnav-menu
post-thumbnail

PHOTO: NATO.IN

TMJ Daily

നാറ്റോ അംഗത്വം ഉടനില്ല; യുക്രൈന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി  

12 Jul 2023   |   2 min Read
TMJ News Desk

യുക്രൈന് അംഗത്വം നല്‍കുന്നതില്‍ തീരുമാനമാകാതെ നാറ്റോ വാര്‍ഷിക യോഗം. അംഗത്വം നേടുന്നതിനുള്ള വ്യവസ്ഥകള്‍ യുക്രൈന്‍ പാലിക്കുമ്പോള്‍ മാത്രമെ നാറ്റോയിലേക്ക് ക്ഷണിക്കുകയുള്ളൂവെന്ന് സൈനിക സഖ്യം അറിയിച്ചു. യുക്രൈന്റെ ഭാവി നാറ്റോ സഖ്യത്തിലാണെന്ന് പ്രഖ്യാപിക്കുമ്പോഴും, അംഗത്വം എപ്പോള്‍ നല്‍കുമെന്ന് നാറ്റോ നേതാക്കള്‍ വ്യക്തമാക്കിയില്ല. നാറ്റോയില്‍ യുക്രൈന്‍ എത്തുന്നത് റഷ്യന്‍ ആക്രമണത്തെ ചെറുക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് ചൂണ്ടികാട്ടി കിഴക്കന്‍ യൂറോപ്പിലെ നാറ്റോ അംഗങ്ങള്‍ യുക്രൈന് പിന്തുണ അറിയിച്ചു. എന്നാല്‍ അമേരിക്ക, ജര്‍മനി പോലുള്ള രാജ്യങ്ങള്‍, ഈ തീരുമാനം റഷ്യയുമായുള്ള നാറ്റോയുടെ നേരിട്ടുള്ള പോരാട്ടത്തിന് കാരണമായേക്കുമെന്ന ആശങ്കയാണ് മുന്നോട്ട്‌വച്ചത്.

എത്രയും വേഗം യുക്രൈനെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് നാറ്റോ അറിയിച്ചു. എന്നാല്‍, അതിന് സമയപരിധി നിശ്ചയിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസില്‍ നടന്ന സഖ്യരാജ്യങ്ങളുടെ ഉച്ചകോടിയിലാണ് നാറ്റോ നിലപാട് അറിയിച്ചത്.

വിമര്‍ശനവുമായി സെലന്‍സ്‌കി

2008 മുതല്‍ നല്‍കുന്ന അംഗത്വ വാഗ്ദാനങ്ങള്‍ക്കൊടുവില്‍ നാറ്റോയിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതിലും അംഗത്വത്തിനും കൃത്യമായ സമയം തീരുമാനിക്കാത്തതിലും യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കി അതൃപ്തി അറിയിച്ചു. തനിക്ക് നാറ്റോയില്‍ വിശ്വാസമുണ്ടെങ്കിലും ആത്മവിശ്വാസമില്ലെന്നും, ഏത് തരത്തിലുള്ള അനിശ്ചിതത്വവും റഷ്യ, യുക്രൈന്റെ ബലഹീനതയായി വ്യാഖ്യാനിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ അംഗത്വത്തിന്റെ മുന്നോട്ടുള്ള പാതയെക്കുറിച്ചോ, നാറ്റോ സഖ്യകക്ഷികളുടെ പൂര്‍ണ പിന്തുണയെക്കുറിച്ചോ നാറ്റോയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലയെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ സ്റ്റോള്‍ട്ടന്‍ ബെര്‍ഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെലന്‍സ്‌കിയുടെ വിമര്‍ശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.    

നാറ്റോയില്‍ അംഗമായാല്‍ പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ യുക്രൈനു സാധിക്കും. അംഗത്വം നല്‍കുന്നതില്‍ തീരുമാനമില്ലെങ്കിലും യുക്രൈന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും ജനാധിപത്യവും പരമാധികാരവും സംരക്ഷിക്കാന്‍ സഹായിക്കുമെന്നും നാറ്റോ വ്യക്തമാക്കി. പല അംഗരാജ്യങ്ങളും യുക്രൈന് സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ആയുധശേഖരങ്ങളും കൈമാറും. 

അംഗത്വത്തെ എതിര്‍ത്ത് റഷ്യ

പാശ്ചാത്യ സൈനിക സഖ്യത്തിലേക്ക് ക്ഷണിക്കപ്പെടാന്‍ യുക്രൈന്‍ നടത്തിയ ശ്രമങ്ങള്‍ക്കുള്ള അനുകൂല സാഹചര്യമായിരുന്നു തുര്‍ക്കി നല്‍കിയ പിന്തുണ. അംഗത്വത്തിനുള്ള പിന്തുണയ്ക്കായി പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവാക്യ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. 

യുക്രൈന്റെ നാറ്റോ അംഗത്വത്തെ ഏറ്റവും അധികം എതിര്‍ക്കുന്നത് റഷ്യയാണ്. യുഎസ് സഖ്യകക്ഷികള്‍ നേതൃത്വം നല്‍കുന്ന സൈനിക സഖ്യമായ നാറ്റോയെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായാണ് റഷ്യ കാണുന്നത്. മുന്‍ സോവിയറ്റ് രാജ്യങ്ങളില്‍ പലരും നാറ്റോ അംഗത്വം സ്വീകരിച്ചതോടെ റഷ്യയുടെ പല ഭാഗങ്ങളിലും യുഎസ് അനുകൂല സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യമായ യുക്രൈന്റെ നാറ്റോ പ്രവേശനത്തെ റഷ്യ എതിര്‍ക്കുന്നത്. യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തിനുള്ള പ്രധാന കാരണമായും വിലയിരുത്തുന്നതും നാറ്റോ പ്രവേശന സാധ്യതയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

#Daily
Leave a comment