TMJ
searchnav-menu
post-thumbnail

ജോ ബൈഡന്‍ | PHOTO: WIKI COMMONS

TMJ Daily

യുക്രൈന്റെ നാറ്റോ അംഗത്വം; മൂന്ന് രാജ്യങ്ങളിലേക്ക് ബൈഡന്‍

10 Jul 2023   |   2 min Read
TMJ News Desk

നാറ്റോ സൈനിക സഖ്യത്തില്‍ യുക്രൈന് അംഗത്വം നല്‍കുന്നതില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലക്ഷ്യമിട്ട് മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം ആരംഭിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി സുനക്കിനെ കാണാന്‍ യുകെയില്‍ എത്തിയ ബൈഡന്‍, ഉച്ചകോടിക്കായി ലിത്വാനിയയും പിന്നീട് ഫിന്‍ലാന്റും സന്ദര്‍ശിക്കും. യുകെ പ്രസിഡന്റ് റിഷി സുനക്കുമായി ബൈഡന്‍ കൂടിക്കാഴ്ചയും നടത്തും.

ബൈഡന്റെ യൂറോപ്പ് യാത്രയിലെ പ്രധാന സന്ദര്‍ശനം ലിത്വാനിയന്‍ തലസ്ഥാനത്ത് നടക്കുന്ന നാറ്റോ ഉച്ചകോടിയാണ്. യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സേനയെ പ്രതിരോധിക്കാന്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ യുക്രൈനെ സഹായിക്കുന്നതിനെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യും. എന്നാല്‍ നാറ്റോ പ്രവേശനത്തിന് അംഗങ്ങളായ 31 രാജ്യങ്ങളുടെയും സമ്മതം ആവശ്യമായതിനാല്‍, യുക്രൈനിന്റെ വേഗത്തിലുള്ള പ്രവേശനം സാധ്യമല്ലെന്ന് ബൈഡന്‍ പറഞ്ഞു. യുക്രൈന്‍ അംഗത്വത്തിന് തുര്‍ക്കി പിന്തുണ പ്രഖ്യാപിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രതികരണം. നാറ്റോയുടെ ഏറ്റവും പുതിയ അംഗമായ ഫിന്‍ലാന്റിന്റെ നേതാക്കളുമായും ബൈഡന്‍ ചര്‍ച്ച നടത്തും. 

ലിത്വാനിയയിലെ വില്‍നിയസില്‍ ആരംഭിക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയെക്കുറിച്ചും യുക്രൈന്‍ അംഗത്വത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് യുകെ അറിയിച്ചു. യുഎസും യൂറോപ്പിന്റെ മുന്‍നിര നാറ്റോ സഖ്യകക്ഷിയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പ്രതിരോധ നയതന്ത്ര പങ്കാളിയുമായ യുകെ യും ഒരുമിച്ച് യുക്രൈന് ആവശ്യമായ പിന്തുണ നല്‍കുമെന്ന്  സുനക്ക് വ്യക്തമാക്കി.

യുക്രൈന്റെ നാറ്റോ അംഗത്വത്തിനു പിന്തുണയുമായി തുര്‍ക്കി

യുക്രൈന് നാറ്റോ അംഗത്വം നല്‍കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. സുപ്രധാന നാറ്റോ ഉച്ചകോടി ലിത്വാനിയയിലെ വില്‍നിയസില്‍ ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. കഴിഞ്ഞവര്‍ഷം റഷ്യ, യുക്രൈന്‍ ആക്രമിച്ചതിനുശേഷം, 500 ദിവസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും സമാധാന ശ്രമങ്ങളിലേക്ക് മടങ്ങണമെന്നും ഇസ്താംബുളില്‍, യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി നടത്തിയ സംയുക്ത ചര്‍ച്ചയില്‍ എര്‍ദോഗന്‍ ആവശ്യപ്പെട്ടു. 

വടക്കേ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള 31 രാജ്യങ്ങളുടെ സുരക്ഷാ സഖ്യമാണ് നാറ്റോ. രാഷ്ട്രീയവും സൈനികവുമായ മാര്‍ഗങ്ങളിലൂടെ സഖ്യകക്ഷികളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതാണ് നാറ്റോയുടെ ലക്ഷ്യം. ജനങ്ങളുടെ സുരക്ഷയും താല്‍പര്യങ്ങളും കണക്കിലെടുത്ത് രാജ്യത്തിന് തുര്‍ക്കി പിന്തുണ പ്രഖ്യാപിച്ചതില്‍ യുക്രൈന്‍ പ്രസിഡന്റ് നന്ദി അറിയിച്ചു. 

അംഗത്വത്തെ എതിര്‍ത്ത് റഷ്യ

പാശ്ചാത്യ സൈനിക സഖ്യത്തിലേക്ക് ക്ഷണിക്കപ്പെടാന്‍ യുക്രൈന്‍ നടത്തിയ ശ്രമങ്ങള്‍ക്കുള്ള അനുകൂല സാഹചര്യമാണ് തുര്‍ക്കി നല്‍കുന്ന പിന്തുണ. നാറ്റോ സൈനിക സഖ്യത്തിന്റെ ഉച്ചകോടി ആരംഭിക്കാനിരിക്കെ അംഗത്വത്തിനുള്ള പിന്തുണയ്ക്കായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവാക്യ, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. യുക്രൈനിന്റെ അംഗത്വത്തെക്കുറിച്ച് നാറ്റോ അംഗരാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു. രാജ്യത്തിന്റെ സൈന്യം സിവിലിയന്‍, ജനാധിപത്യ നിയന്ത്രണത്തിലാവണമെന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ യുക്രൈന്‍ പാലിക്കണമെന്ന് ജര്‍മനി ചര്‍ച്ചയില്‍ പറഞ്ഞു.

യുക്രൈന്റെ നാറ്റോ അംഗത്വത്തെ ഏറ്റവും അധികം എതിര്‍ക്കുന്നതും റഷ്യയാണ്. യുഎസ് സഖ്യകക്ഷികള്‍ നേതൃത്വം നല്‍കുന്ന സൈനിക സഖ്യമായ നാറ്റോയെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായാണ് റഷ്യ കാണുന്നത്. മുന്‍ സോവിയറ്റ് രാജ്യങ്ങളില്‍ പലരും നാറ്റോ അംഗത്വം സ്വീകരിച്ചതോടെ റഷ്യയുടെ പല ഭാഗങ്ങളിലും യുഎസ് അനുകൂല സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യമായ യുക്രൈന്റെ നാറ്റോ പ്രവേശനത്തെ റഷ്യ എതിര്‍ക്കുന്നത്. യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തിനുള്ള പ്രധാന കാരണമായും വിലയിരുത്തുന്നതും നാറ്റോ പ്രവേശന സാധ്യതയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


#Daily
Leave a comment