നാവിക സേന ദിനാഘോഷം ഇന്ന്
നാവിക സേന ദിനാഘോഷം ഇന്ന് തിരുവനന്തപുരം ശംഖുമുഖം തീരത്ത് നടക്കും. 19 യുദ്ധക്കപ്പലുകൾ, ഒരു അന്തർവാഹിനി, 4 ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകൾ, യുദ്ധത്തിനും നിരീക്ഷണത്തിനും ഉള്ളവയുൾപ്പെടെ 32 വിമാനങ്ങൾ എന്നിവയാണ് അഭ്യാസ പ്രകടനത്തിന് ശംഖുമുഖത്ത് എത്തുക. നേവിയുടെ ലോങ് റേഞ്ച് ആന്റി സബ്മറീൻ വിമാനമായ പി8ഐ, മിഗ്, ഹോക്സ് വിമാനങ്ങളും പ്രദർശന പ്രകടനത്തിൽ ഉണ്ടായിരിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായി പങ്കെടുക്കും. രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും.
തിരുവനന്തപുരം മുട്ടത്തറയിൽ നിര്‍മ്മിക്കുന്ന നാവിക സേനയുടെ ഉപകേന്ദ്രം അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാകും. നാവിക സേനയ്ക്ക് വേണ്ടി പുതിയതായി 65 കപ്പലുകളും 9 അന്തർവാഹിനികളും നിർമിക്കാൻ അംഗീകാരമായെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന അറിയിച്ചു.
1971 ഡിസംബർ 4ന് പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തിന് നേരെ ഇന്ത്യൻ നാവികസേന നടത്തിയ സാഹസികമായ ആക്രമണത്തിന്റെ സ്മരണാർഥമാണ് എല്ലാ വർഷവും ഡിസംബർ 4 നാവികസേനാ ദിനമായി ആഘോഷിക്കുന്നത്.


