
ഛത്തീസ്ഗഢില്‍ നക്‌സലുകള്‍ ഒമ്പത് പൊലീസുകാരെ വധിച്ചു
ഛത്തീസ്ഗഢിലെ ബീജാപൂര്‍ ജില്ലയില്‍ സുരക്ഷാ ജീവനക്കാര്‍ യാത്ര ചെയ്തിരുന്ന വാഹനത്തിനുനേരെ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ദാന്തേവാഡ ഡിആര്‍ജി ജവാന്‍മാരും ഒരു ഡ്രൈവറുമാണ് നക്‌സലുകള്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് ബസ്തര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറയുന്നു.
ദന്തേവാഡ, നാരായണ്‍പൂര്‍, ബീജാപൂര്‍ എന്നിവിടങ്ങളില്‍ സംയുക്ത ഓപ്പറേഷന്‍ നടത്തിയശേഷം മടങ്ങിയവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
സംയുക്ത നക്‌സല്‍-വിരുദ്ധ ഓപ്പറേഷന്‍ നടത്തവേ ശനിയാഴ്ച്ച വൈകുന്നേരം വനത്തില്‍ നക്‌സലുകളുമായി വെടിവയ്പ്പ് നടന്നിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഞായറാഴ്ച്ച നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി. രണ്ട് സ്ത്രീകളടക്കം അഞ്ചുപേരാണ് സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം സുരക്ഷാ ജീവനക്കാര്‍ 219 നക്‌സലുകളെ വധിച്ചിരുന്നു.