
യുദ്ധം അവസാനിപ്പിക്കുമെന്ന ഗ്യാരണ്ടി വേണം: ഹമാസ്
ഗാസയ്‌ക്കെതിരായ യുദ്ധം ഇസ്രായേൽ അവസാനിപ്പിക്കുമെന്നും, പലസ്തീൻ പ്രദേശത്ത് നിന്ന് പിന്മാറുമെന്നും ഉറപ്പ് തേടുകയാണെന്ന് ഹമാസ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 പോയിന്റ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന ഹമാസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറഞ്ഞത്. ഈജിപ്തിൽ വച്ചു നടക്കുന്ന ഹമാസ്-ഇസ്രായേൽ പരോക്ഷ ചർച്ചകളുടെ രണ്ടാം ദിവസം അവസാനിച്ചു. യുദ്ധം ആരംഭിച്ചതിന്റെ രണ്ടാം വാർഷികത്തിൽ വൈറ്റ് ഹൗസിൽ സംസാരിക്കവെ, ഗാസ കരാറിന് "യഥാർത്ഥ സാധ്യത" ഉണ്ടെന്ന് ട്രംപ് പറഞ്ഞു. ചൊവ്വാഴ്ചത്തെ ചർച്ചകൾ ഈജിപ്ഷ്യൻ റിസോർട്ട് പട്ടണമായ ഷാം എൽ-ഷെയ്ക്കിൽ അവസാനിച്ചതിന് ശേഷമായിരിന്നു ട്രംപിന്റെ പ്രതികരണം. ചർച്ച ഇന്നും തുടരും.
ബുധനാഴ്ച നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഖത്തറിലും, അമേരിക്കയിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഈജിപ്തിലേക്ക് പുറപ്പെട്ടു. അതേ സമയം, ഹമാസ് ഉൾപ്പെടെയുള്ള പലസ്തീൻ വിഭാഗങ്ങളുടെ ഒരു സംയുക്ത പ്രസ്താവന "എല്ലാ വിധേത്തിലുമുള്ള ചെറുത്തുനിൽപ്പ് നിലപാട്" ഉണ്ടാവുമെന്ന് വ്യക്തമാക്കി. ഒപ്പം "പലസ്തീൻ ജനതയുടെ ആയുധങ്ങൾ ഉപേക്ഷിക്കാൻ ആർക്കും അവകാശമില്ല" എന്നും ഊന്നിപ്പറഞ്ഞു - ട്രംപിന്റെ പദ്ധതിയിൽ അടങ്ങിയിരിക്കുന്ന സായുധ സംഘങ്ങളെ നിരായുധീകരിക്കണമെന്ന പ്രധാന ആവശ്യത്തെക്കുറിച്ചുള്ള ഒരു വ്യക്തമായ പരാമർശമാണിത്.
യുദ്ധം അവസാനിപ്പിക്കാനും, ഗാസയിൽ നിന്ന് "അധിനിവേശ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കാനും" ശ്രമിക്കുകയാണെന്ന് ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ഫൗസി ബർഹൂം പറഞ്ഞു. എന്നാൽ ഇസ്രായേലി സൈനികരുടെ പിന്മാറ്റം സംബന്ധിച്ച് ട്രംപിന്റെ പദ്ധതി അവ്യക്തമാണ്. ഘട്ടംഘട്ടമായി വിന്യാസത്തിന് പ്രത്യേക സമയപരിധി നൽകുന്നില്ല. ഹമാസ് ഇപ്പോഴും കൈവശം വച്ചിരിക്കുന്ന 48 ഇസ്രായേലി ബന്ദികളെ തിരികെ നൽകിയതിനുശേഷം മാത്രമേ ഇത് സംഭവിക്കൂ. അവരിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു.
ചൊവ്വാഴ്ചത്തെ ചർച്ചകൾക്ക് ശേഷം അൽ ജസീറയുമായി സംസാരിച്ച ഒരു മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ഘട്ടങ്ങളിൽ ബന്ദികളെ മോചിപ്പിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നതായി സൂചിപ്പിച്ചു.
ചൊവ്വാഴ്ചത്തെ ചർച്ചകൾ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനും, ഇസ്രായേൽ സേനയുടെ പിന്മാറ്റം ഷെഡ്യൂൾ ചെയ്യുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അവസാന ഇസ്രായേലി ബന്ദിയെ മോചിപ്പിക്കുന്നത് ഇസ്രായേലി സേനയുടെ അന്തിമ പിൻവലിക്കലുമായി പൊരുത്തപ്പെടണമെന്ന് ഹമാസ് ഊന്നിപ്പറഞ്ഞു.
ചർച്ചയിൽ ഹമാസിന്റെ ഉന്നത പ്രതിനിധിയായ ഖലീൽ അൽ-ഹയ്യ, "ഹമാസ്, അധിനിവേശത്തെ വിശ്വസിച്ചില്ല, ഒരു നിമിഷം പോലും" എന്ന് പറഞ്ഞു,. ഗാസയ്‌ക്കെതിരായ യുദ്ധത്തിൽ ഇസ്രായേൽ മുമ്പ് രണ്ട് തവണ വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ച്, അദ്ദേഹം യുദ്ധം പുനരാരംഭിക്കില്ലെന്ന "യഥാർത്ഥ ഉറപ്പുകൾ" ഹമാസ് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.


