നീരജ് ചോപ്ര | PHOTO: TWITTER
നീരജിന്റെ ത്രോയിൽ വീണ്ടും തിളങ്ങി ഇന്ത്യ
ഇന്ത്യയ്ക്ക് വീണ്ടും അഭിമാനമായി നീരജ് ചോപ്ര. ലുസെയ്ന്‍ ഡയമണ്ട് ലീഗിലാണ് നീരജ് കിരീടം നേടിയത്. സീസണിലെ രണ്ടാമത്തെ വിജയമാണ് ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്‍ ഇതോടെ തന്റെ പേരില്‍ ആക്കിയത്. തുടര്‍ച്ചയായ വിജയങ്ങളോടെ ജാവലിന്‍ ത്രോയിലെ വിജയത്തിന്റെ പേരായി നീരജ് മാറിയിരിക്കുകയാണ്.
ഡയമണ്ട് ലീഗില്‍
ഡയമണ്ട് ലീഗിലെ നിലവിലെ ചാമ്പ്യനായ നീരജ് പരിക്കു കാരണമുള്ള ഒരുമാസത്തെ ഇടവേളയ്ക്കുശേഷമാണ് പിച്ചില്‍ തിരിച്ചെത്തിയത്. നിലവിലെ ചാമ്പ്യനായ നീരജിന് ലുസൈയ്‌നില്‍ നല്ല തുടക്കം ആയിരുന്നില്ല കിട്ടിയത്. തന്റെ ആദ്യ ത്രോ തന്നെ ഫൗളില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ടില്‍ യഥാക്രമം 83.52, 85.04 എന്നീ ദൂരങ്ങളിലേക്ക് ജാവലിന്‍ എറിഞ്ഞിടാന്‍ നീരജിന് കഴിഞ്ഞു. ഓരോ റൗണ്ട് കഴിയുന്തോറും നീരജ് നില മെച്ചപ്പെടുത്തിയെങ്കിലും നാലാം റൗണ്ടിലെ ത്രോയും ഫൗളില്‍ കലാശിക്കുകയായിരുന്നു. അഞ്ചാം റൗണ്ടില്‍ 87.66 ദൂരം താണ്ടിയ നീരജിന്റെ ദൂരത്തെ, കൂടെ മത്സരിച്ച ആര്‍ക്കും മറികടക്കാന്‍ കഴിയാത്തതോടെ നീരജ് ചാമ്പ്യന്‍ ആവുകയായിരുന്നു. 87.03 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ രണ്ടാം സ്ഥാനത്തും 86.13 മീറ്റര്‍ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാല്‍ഡേജ് മൂന്നാം സ്ഥാനവും കൈവരിച്ചു.
ശ്രീശങ്കറിന് നിരാശ
പുരുഷ ലോങ്ങ്ജമ്പില്‍ മലയാളി താരം എം.ശ്രീശങ്കറിന് അഞ്ചാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളൂ. 8.11 മീറ്റര്‍ ചാടിയ ബഹ്‌റൈന്‍ താരം നയീന്‍ ലക്വാന്‍ ഒന്നാം സ്ഥാനം നേടിയ മത്സരത്തില്‍ ശ്രീശങ്കറിന് ഒരിക്കല്‍പോലും 8 മീറ്റര്‍ കടക്കാനായില്ല. എന്നാല്‍ കഴിഞ്ഞ മാസം ശ്രീശങ്കര്‍ ദേശീയ സീനിയര്‍ മീറ്റില്‍ 8.41 ദൂരം ചാടിയിരുന്നു.