നീറ്റ് ക്രമക്കേട്; പുനഃപരീക്ഷ നടത്തേണ്ടെന്ന് സുപ്രിംകോടതിയുടെ അന്തിമവിധി
നീറ്റ് പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. പേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും ഉണ്ടായിട്ടും നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചാണ്
സുപ്രിംകോടതിയുടെ അന്തിമവിധി. വ്യാപകമായ ചോദ്യക്കടലാസ് ചോര്‍ച്ച ഉണ്ടായിട്ടില്ല. പട്നയിലും ഹസാരിബാഗിലും മാത്രമായിരുന്നു ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
വീണ്ടും പരീക്ഷ നടത്തിയാല്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സുപ്രിംകോടതി ജൂലൈ 23 ന് പുറപ്പെടുവിച്ച വിധിയിലുണ്ടായിരുന്നു. 24 ലക്ഷം വിദ്യാര്‍ഥികളെയാണ് പുനഃപരീക്ഷ ബാധിക്കുക. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
സിബിഐ കുറ്റപത്രം
നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. 13 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും മറ്റ് ക്രമക്കേടുകളിലും പ്രതികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നൂതന ഫോറന്‍സിക് സാങ്കേതിക വിദ്യകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷന്‍ വിശകലനം തുടങ്ങിയവ പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചതായി സിബിഐ അറിയിച്ചിരുന്നു. കേസില്‍ ഇതുവരെ ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്ത 15 പേര്‍ ഉള്‍പ്പെടെ 40 പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
വിദേശത്തുള്ള 14 നഗരങ്ങളിലടക്കം 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളില്‍ മെയ് അഞ്ചിനാണ് ഈ വര്‍ഷത്തെ നീറ്റ്-യുജി പരീക്ഷ നടന്നത്. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. ചിലയിടങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനുപിന്നാലെ കേസ് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.