PHOTO: Facebook
ഫലം കാണാതെ ചര്‍ച്ചകള്‍; ഗാസയില്‍ മരണ സംഖ്യ ഉയരുന്നു
പാരിസില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു. ഒറ്റപ്പെട്ട ജനവാസ മേഖലകളിലാണ് അക്രമണം നടത്തുന്നത്. ദീര്‍ ലല്‍ ബലായില്‍ 24 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ മധ്യസ്ഥ രാജ്യങ്ങളായ യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെ ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം തലവന്‍ അബ്ബാസ് കമാല്‍ അറിയിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍നിയയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.
റഫ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്
ബന്ദികളില്‍ അവശേഷിക്കുന്ന 100 പേരെ വിട്ടയച്ചാല്‍ മാത്രമേ വെടിനിര്‍ത്തല്‍ പരിഗണിക്കൂ എന്നാണ് ഇസ്രയേലിന്റെ നിലപാട്. എന്നാല്‍ ഇസ്രയേല്‍ ഗാസയില്‍ നിന്ന് സമ്പൂര്‍ണമായി പിന്മാറിയാലെ ബന്ദികളെ മോചിപ്പിക്കൂ എന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ റഫ ആക്രമിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. 13 ലക്ഷത്തിലധികം മനുഷ്യരാണ് റഫയില്‍ നിലവില്‍ അഭയം തേടിയിട്ടുള്ളത്. ഇന്നലെ 104 പേര്‍കൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29,514 ആയി.