Photo: PTI
നെഹ്രുവിന്റെ ചെങ്കോല്‍ പുതിയ പാര്‍ലമെന്റിലും; ചരിത്രം പുനഃരാവിഷ്‌കരിക്കും
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍ ബ്രിട്ടീഷ് അധികാരം കൈമാറിയതിന്റെ ഓര്‍മയുണര്‍ത്തുന്ന സ്വര്‍ണ ചെങ്കോലും സ്ഥാപിക്കും. 28 നു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്‌സഭാ സ്പീക്കറുടെ സീറ്റിനു സമീപം ചെങ്കോല്‍ സ്ഥാപിക്കുക. അലഹബാദ് പ്രയാഗ്‌രാജിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചെങ്കോല്‍ ഡല്‍ഹിയിലെത്തിച്ചു. ഇന്ത്യയുടെ പരമാധികാരത്തിന്റെ ഓര്‍മപ്പെടുത്തലായാണ് ചെങ്കോല്‍ സമര്‍പ്പണം.
സ്വാതന്ത്ര്യാനന്തര ജനാധിപത്യ ഇന്ത്യയുമായി ചെങ്കോലിന് അഗാധമായ ബന്ധമാണുള്ളത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അധികാര കൈമാറ്റത്തെ സൂചിപ്പിക്കുന്ന ചെങ്കോല്‍, ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയായ മൗണ്ട് ബാറ്റണ്‍ പ്രഭുവില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്രുവാണ് ഏറ്റുവാങ്ങിയത്. പിന്നീട് അത് അലഹബാദ് മ്യൂസിയത്തിലേക്ക് മാറ്റുകയായിരുന്നു.
ചെങ്കോലിന്റെ ചരിത്രം
തമിഴില്‍ നീതി എന്ന് അര്‍ത്ഥം വരുന്ന സെമ്മായി എന്ന പദത്തില്‍ നിന്നാണ് സെങ്കോല്‍ അഥവാ ചെങ്കോല്‍ എന്ന വാക്ക് രൂപപ്പെട്ടത്. 1947 ഓഗസ്റ്റ് 14 ന് അര്‍ധരാത്രി 11.45 നു തമിഴ്‌നാട്ടിലെ തിരുവാടുതുറൈ മഠത്തിലെ മതപുരോഹിതരാണ് ചെങ്കോല്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് കൈമാറിയത്. ചോള രാജാക്കന്മാര്‍ ചെങ്കോല്‍ കൈമാറുന്ന രീതിയിലാകണമെന്ന ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറലായ സി. രാജഗോപാലാചാരിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ചെങ്കോല്‍ സമര്‍പ്പണം.
സി. രാജഗോപാലാചാരിയുടെ ആവശ്യാനുസരണം മദ്രാസിലെ സ്വര്‍ണവ്യാപാരി വുമ്മിടി ബംഗാരു ചെട്ടിയെ മഠാധിപതി ചെങ്കോലിന്റെ നിര്‍മാണ ചുമതല ഏല്‍പിച്ചു. മുകള്‍ ഭാഗത്ത് നന്ദികേശന്റെ (കാള) ചെറുപ്രതിമ വിളക്കിച്ചേര്‍ത്ത് വെള്ളിയില്‍ നിര്‍മിച്ച് സ്വര്‍ണം പൂശിയതാണ് ചെങ്കോല്‍. നിര്‍മാണം പൂര്‍ത്തീകരിച്ച വുമ്മിടി ഇതിരാജുലു, വുമ്മിടി സുധാകര്‍ എന്നിവര്‍ ഇപ്പോള്‍ ചെന്നൈയിലാണ് താമസം.
തിരുവാടുതുറൈ ഉപമഠാധിപതി, നാഗസ്വര വിദ്വാന്‍ രാജരത്തിനം പിള്ള, തമിഴ് ക്ഷേത്രങ്ങളില്‍ ഭക്തിഗാനം ആലപിക്കുന്ന ഉദുവര്‍ എന്നിവര്‍ ചെങ്കോലുമായി ഡല്‍ഹിയില്‍ എത്തി. 1947 ഓഗസ്റ്റ് 14 ന് നടന്ന ചടങ്ങില്‍ ഉപമഠാധിപതി മൗണ്ട് ബാറ്റണ് ആദ്യം ചെങ്കോല്‍ നല്‍കി. പിന്നീട് അത് തിരികെ വാങ്ങി തമിഴ് ആചാരപ്രകാരം നെഹ്രുവിന്റെ വീട്ടില്‍ ഘോഷയാത്രകളുടെ അകമ്പടിയോടെ എത്തിയാണ് കൈമാറിയത്. പിന്നീട് അലഹബാദിലെ നെഹ്രു കുടുംബത്തിന്റെ വസതിയായ ആനന്ദഭവന്‍ കാഴ്ചബംഗ്ലാവായി മാറിയപ്പോള്‍ ചെങ്കോല്‍ അവിടെ സൂക്ഷിച്ചു. പ്രയാഗ് രാജായി മാറിയ അലഹബാദില്‍ നിന്നാണ് ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കൊണ്ടുവരുന്നത്.
ചരിത്രം പുനഃസൃഷ്ടിക്കും
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ഓഗസ്റ്റ് 14 നു നടന്ന ചെങ്കോല്‍ സമര്‍പ്പണം പുനഃരാവിഷ്‌കരിക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം. 28 നു രാവിലെ തിരുവാടുതുറൈ മഠത്തിലെ പുരോഹിതരുടെ നേതൃത്വത്തിലാകും ചടങ്ങുകള്‍. ശേഷം മഠാധിപതി പാര്‍ലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെങ്കോല്‍ കൈമാറും. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ ഗ്ലാസ് ബോക്‌സില്‍ സ്പീക്കറുടെ ചേംബറിലാകും ചെങ്കോല്‍ സ്ഥാപിക്കുക.