നെഹ്‌റു മെമ്മോറിയൽ മ്യൂസിയം പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയമാക്കി കേന്ദ്രം, അൽപ്പത്തരമെന്ന് കോൺഗ്രസ്
നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയെ പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്തിരിക്കുകയാണ് കേന്ദ്രം. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പേര് മാറ്റാൻ തീരുമാനിച്ചത്. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. അമിത് ഷാ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി, അനുരാഗ് ഠാക്കൂർ തുടങ്ങിയ 29 പേരാണ് സൊസൈറ്റി അംഗങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സൊസൈറ്റിയുടെ ചെയർമാൻ.
നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണക്കായാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻ മൂർത്തി ഭവനിൽ മ്യൂസിയവും ലൈബ്രറിയും സ്ഥാപിച്ചത്. ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയിലെ കമാൻഡർ ഇൻ ചീഫിന്റെ വസതിയായിരുന്നു തീൻ മൂർത്തി ഭവൻ. പിന്നീടത് നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായി. 16 വർഷത്തോളം തീൻ മൂർത്തി ഭവൻ ഔദ്യോഗിക വസതിയായി നെഹ്‌റു ഉപയോഗിച്ചു. മുൻ രാഷ്ട്രപതി എസ് രാധാകൃഷ്ണനാണ് തീൻ മൂർത്തി ഭവൻ രാജ്യത്തിന് സമർപ്പിച്ച് നെഹ്‌റു സ്മാരക മ്യൂസിയം ഉദ്ഘാടനം ചെയ്തത്. നെഹ്‌റുവിന്റെ 75-ാം ജന്മദിനത്തിലായിരുന്നു ഇത്.
അൽപ്പത്തരം എന്ന് കോൺഗ്രസ്
'അൽപ്പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോദി'എന്നാണ് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വിഷയത്തിൽ പ്രതികരിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേര് ഇന്ത്യക്കാരുടെ ഹൃദയത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു. ജനാധിപത്യത്തിന്റെ ചൈതന്യം ശക്തിപ്പെടുത്തുന്നതിനായി ജനങ്ങൾ വായിക്കുന്ന ഗവേഷണ സാമഗ്രികൾ നെഹ്‌റു ലൈബ്രറി സൊസൈറ്റിയിൽ അടങ്ങിയിട്ടുണ്ട്, 140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിലും നെഹ്‌റുവിന്റെ പേരുണ്ട്. ഈ ചെയ്യുന്ന പ്രവർത്തികളെല്ലാം നിങ്ങളെ ചെറുതാക്കുകയും നെഹ്‌റുവിനെ വലുതാക്കുകയും ചെയ്യും എന്ന് കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ് പ്രതികരിച്ചു.
ചരിത്രം മറയ്ക്കുന്ന പേരിടൽ
രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തെ പിന്തള്ളി പുതിയ ഇന്ത്യയെ പടുത്തുയർത്താനുള്ള മോദി സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് പേരുമാറ്റലുകൾ. സ്ഥലങ്ങൾ, അവാർഡ്, സ്റ്റേഡിയം, ഉദ്യാനം, റോഡ് എന്നിവയുടെയൊക്കെ പേര് മാറ്റുകയെന്നതാണ് ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും ചെയ്തു വരുന്നത്.
അതിനായി, പുരാതന സാംസ്‌കാരിക മത സ്ഥലങ്ങളുടെ യഥാർത്ഥ പേരുകൾ കണ്ടെത്തുന്നതിന് പുനർനാമകരണ കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യവും പാർട്ടി നേതാക്കൾ ഉന്നയിക്കുന്നുണ്ട്. നിഷ്ഠൂരൻമാരായ കടന്നുകയറ്റക്കാരുടെ പേരുകളുള്ള സ്ഥലപ്പേരുകൾ മാറ്റണമെന്ന് ബിജെപി നേതാവ് അശ്വിനി കുമാർ സുപ്രീം കോടതിൽ നല്കിയ പൊതുതാല്പര്യ ഹർജിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മതേതര രാജ്യമായ ഇന്ത്യൻ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കരുതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഇന്ത്യയ്ക്ക് ഭൂതകാലത്തിന്റെ തടവുകാരൻ ആകാൻ കഴിയില്ലെന്നും ഇന്ത്യയുടേതായ ചരിത്രമുണ്ടെന്നുമാണ് ഉയരുന്ന എതിർ വാദങ്ങൾ.
മുഗൾ ഭരണകാലത്ത് നിലവിൽ വന്ന ഡൽഹിയിലെ 40 ഗ്രാമങ്ങളുടെ പേര് മാറ്റണമെന്ന് ഡൽഹി ബിജെപി പ്രസിഡന്റ് ആദേശ് ഗുപ്ത ആവശ്യമുന്നയിച്ചിരുന്നു. പേര് മാറ്റുന്നതിലൂടെ മുഗൾസാമ്രാജ്യത്തിന്റെ അടിമത്വത്തെ തുടച്ചുമാറ്റാൻ സാധിക്കുമെന്നാണ് ഉന്നയിക്കുന്നത്. അടുത്തിടെയാണ് രാഷ്ട്രപതി ഭവനിലെ മുഗൾഗാർഡന്റെ പേര് അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്തത്. തൊട്ടുപുറകെ തന്നെ ഡൽഹി യൂണിവേഴ്സിറ്റിയിലെ മുഗൾ ഗാർഡന്റെ പേര് മാറ്റി ഗൗതം ബുദ്ധ എന്നുമാക്കി. ഡൽഹിയിലെ മുഗൾ-ബ്രിട്ടീഷ് ഭരണകാലഘട്ടം ഓർമ്മിപ്പിക്കുന്ന പല റോഡുകളുടെയും പേരുകൾ മാറ്റുകയുണ്ടായി. 2015ൽ ഡൽഹിയിലെ ഔറംഗസേബ് റോഡിന് എപിജെ അബ്ദുൾകലാം റോഡ് എന്ന പേര് നല്കി.2021 പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ മുന്നിലൂടെയുള്ള കോഴ്സ് റോഡ്, ലോക് കല്യാൺ മാർഗ് എന്നുമാക്കി. ഡൽഹി റേസ് ക്ലബിന്റെ ഭാഗമായതിനാലാണ് 1940ൽ റേസ് കോഴ്സ് റോഡ് എന്ന പേര് വന്നത്. അതുപോലെ 2021ൽ സിക്കിമിലെ സോംഗോ തടാകത്തെയും ഗാങ്ടോക്കിലെ നാഥുല ചുരത്തിനെയും ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ പേരിലും മാറ്റം വന്നു. ജവഹർലാൽ നെഹ്റു റോഡ് എന്നതിൽ നിന്ന് നരേന്ദ്ര മോദി മാർഗ് എന്നാണ് സിക്കിം സർക്കാർ മാറ്റിയത്.