TMJ
searchnav-menu
post-thumbnail

TMJ Daily

നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ഇനി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയമാകും

16 Aug 2023   |   1 min Read
TMJ News Desk

ന്ത്യ ഗവണ്‍മെന്റിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര്, പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയെന്ന് പുനര്‍നാമകരണം ചെയ്തു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് ഒഴിവാക്കി സ്ഥാപനത്തിന്റെ പേര് മാറ്റുന്നതായി ജൂണ്‍ പകുതിയോടെ നടന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തില്‍ തീരുമാനമായിരുന്നു. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും പ്രതിരോധമന്ത്രിയുമായ രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. 

സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കൂട്ടായ യാത്രയെ ചിത്രീകരിക്കുകയും സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന മ്യൂസിയത്തിന്റെ ഈ പേര് സ്ഥാപനത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുമെന്ന് എന്‍എംഎംഎല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന് തോന്നിയതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു. രാഷ്ട്രനിര്‍മ്മാണത്തില്‍ മുന്‍കാലങ്ങളിലും ഇപ്പോഴുമുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളെ യോഗം ഇതിലൂടെ അംഗീകരിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

പുനര്‍നാമകരണത്തിനെതിരെ കോണ്‍ഗ്രസ്

നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേരില്‍ മാറ്റംവരുത്തുന്ന പ്രഖ്യാപനം കടുത്ത രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നെഹ്റു പൈതൃകത്തെ നശിപ്പിക്കുന്ന, നിഷേധിക്കുന്ന, അപകീര്‍ത്തിപ്പെടുത്തുന്ന അജണ്ടയാണുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.തീരുമാനം പ്രഖ്യാപിച്ചയുടന്‍, സ്വന്തമായി ചരിത്രമില്ലാത്തതിനാല്‍ മറ്റുള്ളവരുടെ ചരിത്രം തുടച്ചുനീക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ആധുനിക ഇന്ത്യയുടെ ശില്പി എന്ന നിലയിലും ജനാധിപത്യത്തിന്റെ നിര്‍ഭയനായ കാവല്‍ക്കാരനെന്നനിലയിലും നെഹ്റു വഹിച്ച പങ്ക് കുറയ്ക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയില്ലെന്നും, ബി.ജെ.പി-ആര്‍.എസ്.എസിന്റെ ഏകാധിപത്യ മനോഭാവമാണിതെന്നും ഖാര്‍ഗെ പറഞ്ഞു. നിരന്തരമായ ആക്രമണം ഉണ്ടെങ്കിലും നെഹ്റു പൈതൃകം നിലനില്‍ക്കുമെന്നും വരുംതലമുറകള്‍ക്ക് അദ്ദേഹം പ്രചോദനമയികൊണ്ടേയിരിക്കുമെന്നും പ്രതിപക്ഷം ചൂണ്ടികാട്ടി.

നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി

ആധുനികവും സമകാലികവുമായ ഇന്ത്യ എന്ന വിഷയത്തെക്കുറിച്ചുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച സ്ഥാപനമാണ് നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി. ഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധമായ തീന്‍ മൂര്‍ത്തി ക്യാംപസിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1948 മുതല്‍ 1964 വരെ പ്രധാനമന്ത്രി നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീന്‍ മൂര്‍ത്തി ഭവന്‍. 2022 ലാണ് ഇതു പുനര്‍നിര്‍മിക്കുന്നതും പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി മാറ്റുകയും ചെയ്യുന്നത്.


#Daily
Leave a comment