
ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍
നെന്മാറ ഇരട്ടക്കൊല; പ്രതിക്ക് കുറ്റബോധമില്ല, കുറ്റകൃത്യത്തില്‍ സന്തോഷവാന്‍: ജില്ലാ പൊലീസ് മേധാവി
നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമര അതിവിദഗ്ധനായ കുറ്റവാളിയാണെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍. പൊലീസിന്റെ നീക്കങ്ങള്‍ അയാള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതു കൊണ്ടാണ് രണ്ട് ദിവസത്തോളം ഒളിച്ചിരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ ഇന്ന് രാവിലെ ചോദ്യം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരട്ടക്കൊല ആസൂത്രിതമാണെന്നാണ് പ്രാഥമിക നിഗമനം. ആയുധങ്ങള്‍ നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു. എവിടെ നിന്നാണ് ആയുധം വാങ്ങിയതെന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിവെടുപ്പിലേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യത്തില്‍ പ്രതിക്ക് കുറ്റബോധമില്ലെന്നും അതില്‍ സന്തോഷവാനുമാണെന്ന് അജിത് കുമാര്‍ വെളിപ്പെടുത്തി. കൂടുതല്‍ പേരെ ഇയാള്‍ ലക്ഷ്യമിട്ടോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ല.
ചെന്താമര വിഷം കുടിച്ചതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തിയില്ല. വിഷക്കുപ്പി ഉപേക്ഷിച്ചത് പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്ന് കരുതുന്നു. ഒരു മാസമായി ഇയാള്‍ വീട്ടിലുണ്ടായിരുന്നു.
അയല്‍ക്കാര്‍ മന്ത്രവാദം ചെയ്തതു കൊണ്ടാണ് ഭാര്യ തന്നെ വിട്ടുപോയതെന്നാണ് ചെന്താമര വിശ്വസിച്ചിരുന്നതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അജിത് കുമാര്‍ പറഞ്ഞു.
മന്ത്രവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഉറപ്പിക്കാനായിട്ടില്ല. മറ്റ് കാരണങ്ങള്‍ പൊലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ടക്കൊലപാതകം നടത്തിയശേഷം ഇയാള്‍ വീടിന്റെ പിന്നിലുള്ള വേലി ചാടിക്കടന്ന് പിന്നിലെ മലയില്‍ ഒളിച്ചു. വേലി ചാടുമ്പോള്‍ ഉണ്ടായ ചെറിയ പരിക്ക് ദേഹത്തുണ്ട്. വിശപ്പ് സഹിക്കാനാകാതെയാണ് ഇയാള്‍ കാടിറങ്ങിയതെന്നും വീടിന് സമീപത്തെ പാടത്തുനിന്നുമാണ് ഇയാളെ പൊലീസ് പിടിച്ചതെന്നും അജിത് കുമാര്‍ പറഞ്ഞു.