
ഇന്ത്യയില്‍ നിലനില്‍ക്കുന്നത് നവഫാസിസം: പ്രകാശ് കാരാട്ട്
ഇന്ത്യയില്‍ നിലനില്‍ക്കുന്നത് നവഫാസിസമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റ് സര്‍ക്കാരിനെ കുറിച്ച് കൃത്യമായി 2018ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞിരുന്നുവെന്ന് കാരാട്ട് പറഞ്ഞു. ഏഴ് വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയില്‍ പുതിയ ഫാസിസ്റ്റ് പ്രവണതകള്‍ ഉണ്ടാകുന്നു. അതുകൊണ്ടാണ് അതിനെ നിയോഫാസിസം അഥവാ നവഫാസിസം എന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അത് ക്ലാസിക്കല്‍ ഫാസിസം പോലെയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. 20ാം നൂറ്റാണ്ടിന്റെ ആദ്യ മൂന്ന്, നാല് ദശാബ്ദക്കാലത്ത് കണ്ടതുപോലെയുള്ള ഫാസിസമല്ല ഇന്നുള്ളതെന്നും പുതിയ പ്രവണതയാണ് കാണുന്നതെന്നും കാരാട്ട് പറഞ്ഞു.
മതന്യൂനപക്ഷങ്ങളെയോ ഏതെങ്കിലും വംശങ്ങളെയോ ലക്ഷ്യമിട്ട് അപരനെ, ശത്രുവിനെ നിര്‍മ്മിക്കുന്ന ഹിന്ദുത്വ പ്രത്യയ ശാസ്ത്രമാണ് കാണുന്നത്. ആര്‍എസ്എസ് ഫാസിസ്റ്റ് ആശയങ്ങള്‍ സര്‍ക്കാരില്‍ ബിജെപിയിലൂടെ ഇടപെട്ട് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും നുഴഞ്ഞുകയറി സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.