TMJ
searchnav-menu
post-thumbnail

TMJ Daily

നേപ്പാള്‍ ഭൂചലനം: മരിച്ചവര്‍ 128 ആയി; മരണസംഖ്യ ഉയര്‍ന്നേക്കും

04 Nov 2023   |   1 min Read
TMJ News Desk

നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. രണ്ടു തവണയായി 40 സെക്കന്റുകള്‍ നീണ്ടുനിന്ന ഭൂചലനമാണ് ഉണ്ടായത്. 

നേപ്പാളിലെ ജാജര്‍കോട്ട് ജില്ലയിലെ ലാമിഡാന്‍ഡയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയാണ് ജാജര്‍കോട്ട് സ്ഥിതിചെയ്യുന്നത്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി 11.32 നാണു ഭൂചലനമുണ്ടായത്. ഡെയിലേഖ്, സല്യാണ്‍, റോല്‍പ ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. പരുക്കേറ്റവര്‍ ജാജര്‍കോട്ട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍ 

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ആശയവിനിമയം തകരാറിലായതിനാല്‍ കൃത്യമായ വിവരങ്ങളും ലഭ്യമാകുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു. സംഭവസ്ഥലത്തെത്തി നേപ്പാള്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. നിലവില്‍ നേപ്പാള്‍ സൈന്യവും നേപ്പാള്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിനായി അണിനിരന്നിട്ടുണ്ട്. ഭൂചലനത്തില്‍ റോഡുകള്‍ തകര്‍ന്നതു മൂലം രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടേക്ക് എത്തിച്ചേരുക പ്രയാസമാണ്.

റുകും വെസ്റ്റില്‍ 36 പേരും ജാജര്‍കോട്ടില്‍ 34 പേരുമാണ് മരിച്ചത്. നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ ഡല്‍ഹിയിലും ബിഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രകമ്പനം ഉണ്ടായി. ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനം പരിഭ്രാന്തരായി പുറത്തേക്കിറങ്ങുകയായിരുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും ഭൂചലനത്തില്‍ തകര്‍ന്നു. 

തുടര്‍ച്ചയാകുന്ന ഭൂചലനം

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നേപ്പാളില്‍ ഭൂചലനമുണ്ടാകുന്നത്. ഒക്‌ടോബര്‍ മൂന്നിനും നേപ്പാളില്‍ ഭൂചലനമുണ്ടായിരുന്നു. 6.2 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. 2022 നവംബറില്‍ ഉണ്ടായ ഭൂചലനത്തില്‍ ആറുപേര്‍ മരിച്ചു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 2015 ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് നേപ്പാളില്‍ എണ്ണായിരത്തിലേറെ പേരും മരിച്ചിരുന്നു.



#Daily
Leave a comment