TMJ
searchnav-menu
post-thumbnail

TMJ Daily

മിസൈൽ ആക്രമണത്തിന് ഇറാൻ കനത്ത വിലനൽകേണ്ടിവരുമെന്ന് നെതന്യാഹു

02 Oct 2024   |   1 min Read
TMJ News Desk

ലെബനനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഇറാൻ. ആക്രമണത്തിന് ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് പ്രതികരിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട്, എന്തെങ്കിലും തിരിച്ചടി ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായാൽ വൻതോതിലുള്ള നാശനഷ്ടങ്ങൾ ഇസ്രായേൽ നേരിടേണ്ടി വരുമെന്ന് ഇറാൻ അറിയിച്ചു. 180ൽ പരം മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടുവെന്നും, ഇസ്രായേലിന്റെ വ്യോമപ്രതിരോധം ഇടപെട്ട് അവ തടഞ്ഞതായും ഇസ്രായേൽ അവകാശപ്പെട്ടു.

ലെബനനിലും ഗാസയിലും അടുത്തിടെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് മിസൈൽ ആക്രമണമെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ് കോപ്സ് പറഞ്ഞു.

ഇറാന്റെ പിന്തുണയുള്ള, ലെബനനിലെ സായുധസംഘടനായ ഹിസ്ബുല്ലയുടെ നേതാവ് ഹസ്സൻ നസ്രള്ള ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനും കൂടെയുള്ള മറുപടിയാണ് ഇറാന്റെ ആക്രമണം. 90 ശതമാനം മിസൈലുകളും വിജയകരമായി ഇസ്രായേലിൽ പതിച്ചുവെന്ന് ഇറാൻ അവകാശപ്പെട്ടു.

ആക്രമണത്തിന് മുന്നേ അപായമുഴക്കങ്ങൾ കേട്ട ഇസ്രായേൽ പൗരർ, ബോംബ് ഷെൽട്ടറുകളിലേക്ക് മാറിയതിന്നാൽ .  ഇസ്രായേലിൽ അത്യാഹിതമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ ആക്രമണത്തിൽ വെസ്റ്റ് ബാങ്കിൽ ഒരാൾ കൊല്ലപ്പെട്ടു. തങ്ങളുടേത് ഒരു പ്രതിരോധ നടപടിയായിരുന്നെന്നും, തങ്ങളുടെ ലക്ഷ്യം  സുരക്ഷ മാത്രമായിരുന്നെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

യുഎസും യൂറോപ്യൻ യൂണിയനും ഇറാന്റെ ആക്രമണത്തെ അപലപിച്ചു. ബുധനാഴ്ച യുഎൻ സെക്യൂരിറ്റി കൗൺസിൽ ഇതിനെപ്പറ്റി ചർച്ച ചെയ്യാൻ യോഗം വിളിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിന് മുഴുവൻ പിന്തുണയും ഒരിക്കൽക്കൂടി വാഗ്ദാനം ചെയ്തു. ഇറാന്റെ ആക്രമണം ഫലം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും, നെതന്യാഹുവിനോട് താൻ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ സർക്കാരിന്റെ നിർദേശങ്ങൾക്കനുസരിച്ച്, തങ്ങൾക്കിഷ്ടമുള്ള സമയത്ത്, ഇഷ്ടപ്പെട്ട രീതിയിൽ, എവിടെ വേണമെങ്കിലും ഇതിന് മറുപടി നൽകുമെന്ന് ഇസ്രായേലി സൈന്യത്തിന്റെ അഡ്മിറൽ ഡാനിയേൽ ഹഗാരി പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള ഇസ്രായേലി നടപടി ഇറാന് നേർക്കുണ്ടായാൽ ശക്തമായ ആക്രമണം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കി.




#Daily
Leave a comment