TMJ
searchnav-menu
post-thumbnail

നെതന്യാഹു | PHOTO: WIKI COMMONS

TMJ Daily

വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് നെതന്യാഹു; ആക്രണമം കടുപ്പിച്ച് ഇസ്രയേല്‍ 

31 Oct 2023   |   1 min Read
TMJ News Desk

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉടനുണ്ടാകില്ലെന്നും അത് ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജയിക്കുന്നതുവരെ ഇസ്രയേല്‍ പോരാടുമെന്നും നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിനാണ് ഇസ്രയേല്‍സേന മറുപടി നല്‍കുന്നതെന്നും നെതന്യാഹു വ്യക്തമാക്കി.

ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ ഇതുവരെ മരണപ്പെട്ടവര്‍ 8,306 ആയി. കൊല്ലപ്പെട്ടവരില്‍ 3,400 കുട്ടികളാണെന്ന് ഗാസ അധികൃതര്‍ അറിയിച്ചു. ഇസ്രയേലിന്റെ കണക്കുകള്‍ പ്രകാരം തങ്ങളുടെ 1,400 പേര്‍ മരണപ്പെട്ടതായും 230 ലധികം പേരെ ഹമാസ് ബന്ദികളാക്കിയതായും പറയുന്നു. അതിനാല്‍ത്തന്നെ വെടിനിര്‍ത്തല്‍ ഹമാസിന് കീഴടങ്ങുന്നതിനു തുല്യമാണെന്നു തന്നെയാണ് നെതന്യാഹു ആവര്‍ത്തിക്കുന്നത്.

ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍ സേന

ഗാസ സിറ്റിയിലേക്ക് ഇസ്രയേല്‍ സൈന്യം കൂടുതല്‍ അടുക്കുകയാണ്. തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും കനത്ത ആക്രമണം തുടരുന്നു. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അധിനിവേശം. ഗാസ സിറ്റിയിലെ അല്‍ ഖുദ്‌സ് ആശുപത്രിക്കു സമീപം ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ആശുപത്രി ഒഴിയണമെന്ന ഇസ്രയേലിന്റെ ആവശ്യത്തിനു പിന്നാലെയാണ് വ്യോമാക്രമണം.

ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള അല്‍ സെയ്ടൗണ്‍ പരിസരത്ത് ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, ബെയ്റ്റ് ഹനൂന്‍, ബെയ്ത് ലാഹിയ, ഗാസ നഗരത്തിന്റെ വടക്കുപടിഞ്ഞാറ് മേഖലകളിലും ഇസ്രയേല്‍, ആക്രമണങ്ങള്‍ നടത്തിയതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒറ്റപ്പെട്ട് ഗാസ

ഗാസയിലെ സ്ഥിതി കൂടുതല്‍ വഷളായതായി ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. ഗാസയില്‍ ദിവസവും 420 കുട്ടികള്‍ക്ക് ജീവഹാനി സംഭവിക്കുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ലെബനന്‍ അതിര്‍ത്തിയിലും സംഘര്‍ഷം രൂക്ഷമാണ്.

ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി 26 ട്രക്കുകള്‍ കൂടി എത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രക്കുകളില്‍ എത്തുന്ന സഹായങ്ങള്‍ ഗാസയിലെ ജനങ്ങള്‍ക്ക് മതിയാകില്ലെന്ന് യുഎന്‍ ഏജന്‍സി വക്താവ് ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടുദശലക്ഷത്തിലധികം ആളുകളുടെ ആവശ്യങ്ങള്‍ക്ക് റാഫ വഴി അനുവദിക്കുന്ന സഹായങ്ങള്‍ അപര്യാപ്തമാണെന്നും ലസാരിനി യുഎന്‍ സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു.

#Daily
Leave a comment