
നെതന്യാഹുവിന്റെ വിചാരണ റദ്ദാക്കണം: ട്രംപ്
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഴിമതി നടത്തിയതിന്റെ പേരിൽ നേരിടുന്ന വിചാരണ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ബിബി നെതന്യാഹുവിന്റെ വിചാരണ റദ്ദാക്കണം, ഉടനടി റദ്ദാക്കണം, അല്ലെങ്കിൽ [ഇസ്രായേൽ] രാഷ്ട്രത്തിനായി വളരെയധികം കാര്യങ്ങൾ ചെയ്ത ഒരു മഹാനായ നായകന് മാപ്പ് നൽകണം," ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ എഴുതി.
നെതന്യാഹുവിന്റെ വിചാരണയെ "രാഷ്ട്രീയ പ്രേരിതമായ കേസ്", "വിച്ച് ഹണ്ട് ", "നീതിയുടെ അവഹേളനം" എന്നിങ്ങനെ ട്രംപ് വിശേഷിപ്പിച്ചു.
"[ഇറാനുമായുള്ള യുദ്ധത്തിൽ] ഇസ്രായേലിനെ രക്ഷിച്ചത് അമേരിക്കയാണ്, ഇപ്പോൾ ബിബി നെതന്യാഹുവിനെ രക്ഷിക്കുന്നത് അമേരിക്കയായിരിക്കും," എന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള സമീപകാല യുദ്ധത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ "യോദ്ധാവ്" എന്ന് പ്രശംസിച്ച ട്രംപ്, ദീർഘകാലമായി നിലനിൽക്കുന്ന അഴിമതി വിചാരണയിൽ ഇസ്രായേൽ നേതാവ് തിങ്കളാഴ്ച വാദം കേൾക്കേണ്ടിവരുമെന്ന് അറിഞ്ഞപ്പോൾ താൻ "ഞെട്ടിപ്പോയി" എന്ന് പറഞ്ഞു.
കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി ഇസ്രായേൽ പ്രോസിക്യൂട്ടർമാർ 2019ൽ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തി. 2020ൽ ആരംഭിച്ച വിചാരണയിൽ മൂന്ന് ക്രിമിനൽ കേസുകൾ ഉൾപ്പെടുന്നു.
കൈക്കൂലി വാങ്ങിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നെതന്യാഹുവിന് 10 വർഷം വരെ തടവും, വഞ്ചനയ്ക്കും, വിശ്വാസ വഞ്ചനയ്ക്കും പരമാവധി മൂന്ന് വർഷം തടവും ലഭിക്കാം. ഒന്നിലും താൻ കുറ്റക്കാരനല്ലെന്ന് നെതന്യാഹു പറയുന്നു.


