TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യൻ മണ്ണിലേക്ക് ടിക്കറ്റെടുത്ത ഡച്ച് പട

07 Jul 2023   |   2 min Read
TMJ News Desk

ന്ത്യയിൽ നടക്കാനിരിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിന് യോഗ്യത നേടി നെതർലൻഡ്സും. ടൂർണ്ണമെന്റിലെ പത്താമത്തെ ടീമായാണ് നെതർലൻഡ്സ് യോഗ്യത ഉറപ്പിച്ചത്. സിംബാബ്‌വെയിൽ വച്ച് നടക്കുന്ന ആറ് ടീമുകൾ പങ്കടുക്കുന്ന ടൂർണ്ണമെന്റിൽ ശ്രീലങ്കയ്ക്ക് പിന്നാലെ രണ്ടാമതായാണ് നെതർലൻഡ്സ് ഇന്ത്യയിലേക്ക് വണ്ടി കയറുന്നത്. യോഗ്യതാ റൗണ്ടിലെ സൂപ്പർ സിക്സിൽ സ്‌കോട്ട്ലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് ഡച്ചുകാർ അവരുടെ നാലാമത്തെ ലോകകപ്പിന് ഒരുങ്ങുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലും ശ്രീലങ്കയിലുമായി നടന്ന 2011 ലോകകപ്പിൽ ഭാഗമായ നെതർലൻഡ്സ് ലോകകപ്പിന്റെ 1996, 2003, 2007 എഡിഷനുകളിലും പങ്കെടുത്തിട്ടുണ്ട്.

സൂപ്പർ സിക്സിലെ ടോപ്പ്  ടു

ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ എട്ട് ടീമുകൾ യോഗ്യത നേടിയ ടൂർണ്ണമെന്റിലേക്കാണ് ശ്രീലങ്കയും, നെതർലൻഡ്സുമെത്തുന്നത്. ആകെ പത്ത് ടീമുകൾ ഉണ്ടായിരുന്ന യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് സ്റ്റേജിൽ ഗ്രൂപ്പ് എയിലായിരുന്ന നെതർലൻഡ്സ് സിംബാബ്‌വെക്ക് പിന്നാലെ രണ്ടാമതായാണ് പിന്നീടുള്ള സൂപ്പർ സിക്സിലേക്ക് എത്തുന്നത്. ഈ ആറ് ടീമുകളിൽ രണ്ട് ടീമുകൾക്കായിരുന്നു ഇന്ത്യയിലേക്ക് ടിക്കറ്റ് കിട്ടുക. യോഗ്യതാ റൗണ്ട് സൂപ്പർ സിക്സിലെ നിർണ്ണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്ലാൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ 277 റൺസ് എടുക്കുകയായിരുന്നു. മറുപടിക്കെത്തിയ നെതർലൻഡ്സ് 43-ാം ഓവറിൽ തന്നെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. നെതർലെൻഡ്സിനായി മികച്ച പ്രകടനം പുറത്തെടുത്ത ബാസ് ഡി ലീഡിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. ബോളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ടീമിനായി 5 വിക്കറ്റുകളും 92 പന്തിൽ നിന്ന് 123 റൺസും നേടി. സൂപ്പർ സിക്സിലെ ആദ്യ മത്സരം നെതർലെൻഡ്സിന് ശ്രീലങ്കയോടായിരുന്നു. അന്ന് ശ്രീലങ്ക 21 റൺസിന് വിജയിച്ചു. എന്നാൽ സൂപ്പർ സിക്സിലെ രണ്ടാമത്തെ മത്സരത്തിൽ ഒമാനോട് 74 റൺസിന് വിജയിച്ചതോടെയാണ് നെതർലെൻഡ്സിന്റെ ലോകകപ്പ് മോഹങ്ങൾക്ക് ചിറക് വിരിയുന്നത്. സ്‌കോട്ട്ലെൻഡ്, സിംബാബ്‌വെ ടീമുകളാണ് നെതർലൻഡ്സിന് വെല്ലുവിളിയായി നിന്നിരുന്നത്. എന്നാൽ റൺ റേറ്റ് മറ്റ് ടീമുകളിൽ നിന്നും മികച്ച് നിന്നത് ഡച്ചുകാർക്ക് തുണയായി. ആറ് പോയിന്റ് വീതം മൂന്ന് ടീമുകളും നേടിയപ്പോൾ നെതർലൻഡ്സിന്റെ റൺ റേറ്റ് 0.160 ആയിരുന്നു. യോഗ്യതാ റൗണ്ടിലെ നെതർലൻഡ്സിന്റെ അവസാന മത്സരം ജൂലൈ 9 ന് ശ്രീലങ്കയുമായിട്ടാണ്. ആ മത്സരത്തിലെ ജയ പരാജയങ്ങൾ ഇനി യോഗ്യതയെ ബാധിക്കില്ല.

ലോകകപ്പിലെ നെതർലൻഡ്സ്

1996, 2003, 2007, 2011 എഡിഷനുകളിലെ ലോകകപ്പിലാണ് നെതർലൻഡ്സ് ഇതിന് മുന്നേ പങ്കെടുത്തിട്ടുള്ളത്. നാല് ലോകകപ്പുകളിലും നെതർലൻഡ്സിന് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിച്ചിരുന്നില്ല. 1996 ലെയും 2011 ലെയും ലോകകപ്പിൽ ഓരോ കളി വീതം നെതർലൻഡ്സ് വിജയിച്ചപ്പോൾ മറ്റ് രണ്ട് ടൂർണ്ണമെന്റുകളിലും ഒരു കളി പോലും ഇവർക്ക് വിജയിക്കാനായില്ല. നാല് ഏകദിന ലോകകപ്പുകളിൽ കളിച്ച നെതർലൻഡ്സ് മൂന്ന് ട്വന്റി-20 ലോകകപ്പുകളുടെയും ഭാഗമായിട്ടുണ്ട്. 2009, 2014, 2016 വർഷങ്ങളിലായി നടന്ന ലോകകപ്പുകളിൽ. 2023 ലോകകപ്പിലെ കുഞ്ഞൻ ടീമായിട്ടാണ് നെതർലൻഡ്സ് ലോകകപ്പിനെത്തുന്നത്.

#Daily
Leave a comment