
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം: വീഡിയോകള്‍ നീക്കം ചെയ്യാന്‍ എക്‌സിന് കേന്ദ്രത്തിന്റെ നോട്ടീസ്
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് മഹാകുംഭമേള തീര്‍ത്ഥാടകര്‍ മരിച്ചതുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്യാന്‍ റെയില്‍വേ മന്ത്രാലയം എക്‌സിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 15ന് നടന്ന അപകടത്തിന്റെ വീഡിയോകള്‍ ഉള്ള 285 സോഷ്യല്‍ മീഡിയ ലിങ്കുകളെ നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ സെക്ഷന്‍ 79(3) (ബി) പ്രകാരം സാമൂഹ്യ മാധ്യമങ്ങളിലുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം റെയില്‍വേ ബോര്‍ഡിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് റെയില്‍വേ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നല്‍കിയിരുന്നു. ആ അധികാരം ഇത്ര വിപുലമായി പ്രയോഗിക്കുന്ന ആദ്യത്തെ സംഭവമാണിത്.
അത്തരം വീഡിയോകള്‍ പങ്കുവയ്ക്കുന്നത് അനാവശ്യമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എക്‌സിന് ഫെബ്രുവരി 17ന് റെയില്‍ മന്ത്രാലയം നല്‍കിയ നോട്ടീസില്‍ പറയുന്നു. ട്രെയിനുകളില്‍ വലിയ തിരക്കുള്ള ഇക്കാലത്ത് റെയില്‍വേയുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുമെന്നും മന്ത്രാലയം നോട്ടീസില്‍ പറയുന്നു.
ധാര്‍മ്മികമായ ചട്ടങ്ങള്‍ അനുസരിച്ചും എക്‌സിന്റെ സ്വന്തം ഉള്ളടക്ക നയം അനുസരിച്ചും 36 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നാണ് റെയില്‍വേ ആവശ്യപ്പെട്ടത്.
നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടവയില്‍ പ്രമുഖ വാര്‍ത്താ മാധ്യമങ്ങളുടെ ലിങ്കുകളും ഉള്‍പ്പെടുന്നു.