
ന്യൂ ഇന്ത്യ സഹകരണ ബാങ്ക് തട്ടിപ്പ്; ജനറല്‍ മാനേജര്‍ അറസ്റ്റില്‍
ന്യൂ ഇന്ത്യ സഹകരണ ബാങ്കില്‍ നിന്നും തിരിമറി നടത്തി 122 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുംബൈ പൊലീസ് ബാങ്ക് ജനറല്‍ മാനേജരെ അറസ്റ്റ് ചെയ്തു. അക്കൗണ്ട്‌സിന്റെ തലവന്‍ കൂടിയായ ഹിതേഷ് മേത്തയാണ് അറസ്റ്റിലായത്.
മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് മേത്തയെ അറസ്റ്റ് ചെയ്തത്.
ബാങ്കിന്റെ പക്കല്‍ നിക്ഷേപകര്‍ക്കും മറ്റും നല്‍കുന്നതിനായി പണമില്ലാത്തത് കാരണം റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യ സഹകരണ ബാങ്കിനെതിരെ നടപടി സ്വീകരിച്ചിരുന്നു. നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും ആര്‍ബിഐ വിലക്കിയിട്ടുണ്ട്. ബാങ്കിന്റെ പ്രഭാദേവി, ജോര്‍ഗാവോണ്‍ ഓഫീസുകളില്‍ നിന്നും മേത്തയും കൂട്ടാളികളും 122 കോടി രൂപ തട്ടിയെടുത്തുവെന്ന് ദാദര്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
കോവിഡ് 19 മഹാമാരി ആരംഭിച്ച സമയത്താണ് ബാങ്കില്‍ ഇവര്‍ തിരിമറി നടത്താന്‍ തുടങ്ങിയത്. 112 കോടി രൂപ പ്രഭാദേവി ബ്രാഞ്ചില്‍ നിന്നും ജോര്‍ഗാവോണില്‍ നിന്നും 10 കോടി രൂപയും തട്ടിയെടുത്തു.
1968ല്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പിന്തുണയോടെ ജര്‍മ്മന്‍ ലേബര്‍ ബാങ്കിനെ മാതൃകയാക്കി ആരംഭിച്ച ബാങ്കാണിത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ബാങ്ക് നഷ്ടത്തിലാണ്.