
തിരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ പുതുക്കിയ കുറ്റപത്രം
യു എസിലെ 2020 ലെ തിരഞ്ഞെടുപ്പില്‍ തോല്‍വി ഒഴിവാക്കാന്‍ നിയമവിരുദ്ധമായി ശ്രമിച്ചുവെന്ന് ആരോപിച്ച് അന്നത്തെ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ പുതുക്കിയ കുറ്റപത്രം. പുതിയ തിരഞ്ഞെടുപ്പിന് മൂന്ന് മാസം ശേഷിക്കെയാണ് പുതുക്കിയ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കപ്പെടാനുള്ള അവകാശം ഉണ്ടെന്ന യുഎസ് സുപ്രീം കോടതി വിധിക്ക് ശേഷം പ്രോസിക്യൂട്ടര്‍മാര്‍ കൂടുതല്‍ സമഗ്രമാക്കിയാണ് കുറ്റപത്രം നല്‍കിയത്. 2024 ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ട്രംപ് മത്സരരംഗത്ത് എത്തുമ്പോഴാണ് പുതുക്കിയ കുറ്റപത്രം നല്‍കുന്നത്.
മൂന്നാം തവണയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ള ട്രംപ് നേരിടുന്നത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിനെയാണ്. ഈ വര്‍ഷം നവംബര്‍ അഞ്ചിനാണ് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അതിന് മുമ്പായി വിചാരണ തുടരാന്‍ സാധ്യതയില്ലെങ്കിലും, യുഎസ് സ്‌പെഷ്യല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്തിന്റെ ടീം വാഷിംഗ്ടണ്‍ കേസില്‍ നിലവിലെ കുറ്റപത്രം മാറ്റി പുതുക്കിയ കുറ്റപത്രം നല്‍കി.
കഴിഞ്ഞ വര്‍ഷം മുന്‍ പ്രസിഡന്റായ ട്രംപിനെതിരെ പ്രോസിക്യൂട്ടര്‍മാര്‍ ചുമത്തിയ അതേ നാല് കുറ്റാരോപണങ്ങള്‍ പുതുക്കിയ കുറ്റപത്രത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അക്കാലത്തെ പ്രസിഡന്റ് എന്ന നിലയിലല്ല, മറിച്ച് വീണ്ടും അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ട്രംപിന്റെ പങ്കിനെ ഉള്‍പ്പെടുത്തുന്നതാണ്.
പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ അധികാരങ്ങള്‍ക്കുള്ളിലുള്ള നടപടികള്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷനില്‍ നിന്ന് ട്രംപിന് ഒഴികഴിവുണ്ടെന്ന് സുപ്രീം കോടതി ജൂലൈ ഒന്നിന് വിധിച്ചു.
സുപ്രീം കോടതിയുടെ ഒഴിവാക്കല്‍ വിധി ഈ കേസും തള്ളിക്കളയുന്നതിലേക്ക് നയിക്കുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ ട്രംപ് അവകാശപ്പെട്ടു. 'സുപ്രീം കോടതി വിധി മറികടക്കാന്‍ സ്മിത്ത് അതേ കേസ് തന്നെ തിരുത്തിയെഴുതി' എന്നും ട്രംപ് ആരോപിച്ചു.