ടിം ഷാഡോക്കും നായ ബെല്ലയ്യും | PHOTO: WIKI COMMONS
പസഫിക് സമുദ്രത്തില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ നാവികനും നായയും പുതുജീവിതത്തിലേക്ക്
പച്ചമത്സ്യവും മഴവെള്ളവും കുടിച്ച് ഓസ്ട്രേലിയന്‍ നാവികനും അയാളുടെ നായയും പസഫിക് സമുദ്രത്തില്‍ കഴിച്ചു കൂട്ടിയത് രണ്ടുമാസക്കാലമാണ്. സിഡ്നി നിവാസിയായ ടിം ഷാഡോക്കും (51) അദ്ദേഹത്തിന്റെ നായ ബെല്ലയുമാണ് അതിജീവിച്ചത്. ഈ ആഴ്ച ഒരു കപ്പലിനോടൊപ്പം ട്രോളിങ്ങിന് പോയ ഹെലികോപ്റ്ററാണ് ടിം ഷാഡോക്കിനെയും ബെല്ലയെയും കണ്ടെത്തിയത്. കപ്പലിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഏപ്രിലില്‍ മെക്സിക്കോയില്‍ നിന്ന് ഫ്രഞ്ച് പോളിനേഷ്യയിലേക്കായിരുന്നു ഇവരുടെ യാത്ര. ഷാഡോക്ക് മെക്സിക്കോയിലെ ലാപാസില്‍ നിന്ന് 6,000 കിലോമീറ്ററിലധികം യാത്ര ചെയ്തിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ ഉണ്ടായ ശക്തമായ കൊടുംകാറ്റില്‍ അവരുടെ ബോട്ട് തകര്‍ന്നു. മോശം കാലാവസ്ഥ കാരണം ബോട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ദിശയും ദിക്കുമറിയാതെ രണ്ടു മാസത്തോളം ഇവര്‍ ഒറ്റപ്പെട്ടു.
അതിജീവനകഥ
രണ്ടു മാസത്തിനുശേഷം മെക്സിക്കോയുടെ തീരത്ത് നിന്ന് ടിം ഷാഡോക്കിനെ കണ്ടെത്തിയപ്പോള്‍ അദ്ദേഹം വളരെ മെലിഞ്ഞും, വളര്‍ന്ന താടിയുമായി തിരിച്ചറിയാനാവാത്ത രൂപത്തില്‍ ആയിരുന്നു. 'കടലില്‍ വളരെ കഠിനമായ ഒരു പരീക്ഷണത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്, എനിക്ക് വിശ്രമവും നല്ല ഭക്ഷണവും ആവശ്യമാണ്, കാരണം ഞാന്‍ വളരെക്കാലമായി കടലില്‍ തനിച്ചായിരുന്നു. ഈ അതിജീവനത്തിൽ എന്നെ സഹായിച്ചത് മത്സ്യബന്ധന ഉപകരണങ്ങളാണ്' എന്നും അദ്ദേഹം പറഞ്ഞു. തന്റെ ബോട്ടിന്റെ മേല്‍ക്കൂരയ്ക്കടിയിലാണ് ഞാനും എന്റെ നായയും സൂര്യപ്രകാശം ഏല്‍ക്കാതെ നിന്നിരുന്നത് എന്നും, ഇക്കാലയളവില്‍ മഴവെള്ളവും കടല്‍ മത്സ്യവും മാത്രമായിരുന്നു ഭക്ഷണം എന്നും അദ്ദേഹം വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കപ്പലില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ടിം ഷാഡോക്കിനെ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുകയും, ആരോഗ്യനില തികച്ചും ത്യപ്തികരമാണെന്നും പറഞ്ഞു. മെക്‌സിക്കോയിലേക്ക് മടങ്ങുകയും അവിടെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ആവശ്യമെങ്കില്‍ ചികിത്സ നേടുകയും ചെയ്യുമെന്ന് ഷാഡോക്ക് വിദേശ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് ഷാഡോക്കിന്റെ ജീവിതത്തിലെ ആദ്യത്തെ വെല്ലുവിളിയല്ല. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് കുടലില്‍ കാന്‍സര്‍ കണ്ടെത്തുകയും അസംസ്‌കൃത ഭക്ഷണരീതി സ്വീകരിച്ച് അതിനെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. എന്റെ ആരോഗ്യം നിര്‍ണായകഘട്ടത്തിലായിരുന്നപ്പോള്‍ പച്ചക്കറിയുടെ ജ്യൂസില്‍ മാത്രം മൂന്ന് മാസത്തിലേറെ ചെലവഴിച്ചത് ഞാന്‍ ഓര്‍ക്കുന്നു, എന്നും അദ്ദേഹം പറഞ്ഞു.
ടോം ഹാങ്ക്‌സിന്റെ 'കാസ്റ്റ് എവേ'
ഷാഡോക്കിന്റെ രക്ഷാപ്രവര്‍ത്തന സംഭവം അറിഞ്ഞ ആളുകള്‍ ഇതിനെ ടോം ഹാങ്ക്സ് അഭിനയിച്ച് 2000 ല്‍ പുറത്തിറങ്ങിയ കാസ്റ്റ് എവേ എന്ന സിനിമയുമായി താരതമ്യം ചെയ്തു. ഒരു വിമാനാപകടത്തിന് ശേഷം വിജനമായ ദ്വീപില്‍ കുടുങ്ങിയ ചക്കിന്റെ (ഹാങ്ക്സ്) കഥയാണിത്. ഇതുമായി താരതമ്യം ചെയ്താണ് ഈ അതിജീവിച്ചത്തിനെ ആളുകള്‍ കാണുന്നത്.