
വഖഫ് ബില്ലിന് പുതിയ പേര്; രാജ്യസഭയില്‍ അവതരിപ്പിച്ചു
ലോകസഭയില്‍ പാസാക്കിയ വഖഫ് (ഭേദഗതി) ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇന്നലെ ലോകസഭയില്‍ നിയമമന്ത്രി കിരണ്‍റിജിജു അവതരിപ്പിച്ച ബില്‍ 14 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെ പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദ്ദേശങ്ങളെ തള്ളിക്കൊണ്ട് വോട്ടിനിട്ട് പാസാക്കിയിരുന്നു. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
കിരണ്‍ റിജിജു രാജ്യസഭയില്‍ വഖഫ് ബില്‍ പുനര്‍നാമകരണം ചെയ്താണ് അവതരിപ്പിച്ചത്. ഉമീദ് (യൂണിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവര്‍മെന്റ് എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്‌മെന്റ്) ബില്‍ എന്നാണ് പുതിയ പേര്.
ബില്‍ ജനങ്ങളുടെ മത സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസും പ്രതിപക്ഷവും ബില്ലിനെ പിന്തുണയ്ക്കണമെന്നും റിജിജു ആവശ്യപ്പെട്ടു.
വഖഫ് ബില്ലിന്റെ പേരില്‍ കോണ്‍ഗ്രസ് തെറ്റായ വിവരം പ്രചരിപ്പിക്കുന്നുവെന്ന് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.
അതേസമയം, വോട്ടര്‍മാരെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി സെയ്ദ് നസീര്‍ ഹുസ്സൈന്‍ പറഞ്ഞു. 2024ല്‍ ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇപ്പോള്‍ വഖഫ് ബില്‍ കൊണ്ടുവന്ന് വോട്ടര്‍മാരെ ധ്രുവീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്വന്തം വോട്ടുബാങ്ക് വര്‍ദ്ധിപ്പിക്കാനാണ് ഈ ബില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിങ്ങളെക്കുറിച്ചുള്ള ബിജെപിയുടെ ആശങ്ക പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദലി ജിന്നയെ നാണംകെടുത്തുന്നതാണെന്ന് ശിവസേന (യുബിടി) തലവന്‍ ഉദ്ദവ് താക്കറെ പരിഹസിച്ചു. ബിജെപി ഹിന്ദു-മുസ്ലിം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


