
കൊടകര കുഴൽപ്പണ കേസ് വെളിപ്പെടുത്തൽ അന്വേഷിക്കാൻ പുതിയ സംഘം
തൃശൂർ കൊടകര കുഴൽപ്പണ കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ എട്ടംഗ സംഘത്തെ കേസ് അന്വേഷിക്കാനായി സർക്കാർ നിയമിച്ചു. കൊച്ചി ഡിസിപി കെ എസ് സുദർശന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം ആരംഭിക്കുക. കൊടകര കുഴൽപ്പണ കേസ് അന്വേഷിച്ച ഡിവൈഎസ്പി വി കെ രാജുവും കൊടകര എസ്എച്ച്ഒ, വലപ്പാട് എസ്‌ഐ എന്നിവരും പുതിയ അന്വേഷണ സംഘത്തിലുണ്ട്.
2021 നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്നും, കേരളത്തിലേക്ക് 41 കോടിയിലേറെ രൂപ തൃശൂർ ഓഫീസിൽ എത്തിച്ചിരുന്നു എന്നായിരുന്നു സതീഷിന്റെ മൊഴി. ആറ് ചാക്കുകളിലായിട്ട് എത്തിച്ച പണത്തിന് താൻ കാവൽ നിൽക്കുകയായിരുന്നു എന്നും സതീഷ് പറഞ്ഞിരുന്നു. കുഴൽപ്പണ കേസിൽ കർണാടക നിയമസഭാ കൗൺസിൽ മുൻ അംഗമായ ലെഹർ സിങ്ങിനും, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പങ്കുണ്ടെന്ന് സതീഷ് വെളിപ്പെടുത്തിയിരുന്നു.
പോലീസ് സംഘം അന്ന് തന്നെ കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല. എങ്ങും എത്താതെ പോയ തുടർ അന്വേഷണത്തിന്റെ വാതിലുകളാണ് സതീഷിന്റെ വെളിപ്പെടുത്തലിലൂടെ വീണ്ടും തുറക്കുന്നത്.