പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം; ഷര്‍ട്ടില്‍ താമര ചിഹ്നം
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ സമ്മേളനം അടുത്ത ആഴ്ച നടക്കാനിരിക്കെ ജീവനക്കാര്‍ക്ക് പുതിയ യൂണിഫോമുമായി കേന്ദ്രസര്‍ക്കാര്‍. ക്രീം നിറത്തിലുള്ള ഷര്‍ട്ട്, കാക്കി പാന്റ്, ക്രീം ജാക്കറ്റുമാണ് പുതിയ യൂണിഫോം. ഷര്‍ട്ടില്‍ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും.
പാര്‍ലമെന്റിലെ 271 ജീവനക്കാര്‍ക്കും പുതിയ യൂണിഫോം നല്‍കി കഴിഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അടിമുടി മാറ്റം
ടേബിള്‍ ഓഫീസ്, നോട്ടീസ് ഓഫീസ്, പാര്‍ലമെന്ററി റിപ്പോര്‍ട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ താമരയുടെ ചിഹ്നത്തോടു കൂടിയുള്ള ഷര്‍ട്ടായിരിക്കണം ധരിക്കേണ്ടത്. ലോക്‌സഭ, രാജ്യസഭ മാര്‍ഷലുമാര്‍ക്ക് തലപ്പാവിന് പകരം മണിപ്പൂരി ശിരോവസ്ത്രവും ഉള്‍പ്പെടും.
പാര്‍ലമെന്റ് സുരക്ഷാ ചുമതലയുള്ള ഓഫീസര്‍മാര്‍ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ രീതിയിലുള്ള യൂണിഫോം ധരിക്കണം. സെപ്തംബര്‍ ആറിനകം എല്ലാ ജീവനക്കാരും പുതിയ യൂണിഫോം സ്വീകരിച്ചിരിക്കണം. എല്ലാ വനിതാ ജീവനക്കാര്‍ക്കും പുതിയ ഡിസൈനിലുള്ള സാരിയാണ് വേഷമെന്നും അധികൃതര്‍ അറിയിച്ചു. സെപ്തംബര്‍ 18 മുതല്‍ അഞ്ചു ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനമാണ് വിളിച്ചുചേര്‍ക്കുന്നത്.
പുതിയ വിവാദത്തിലേക്ക്
രാജ്യസഭയുടെ കാര്‍പെറ്റിലും താമര ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 19 ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ സമ്മേളനം നടക്കുമെന്നാണ് അനൗദ്യോഗിക വിവരം. ആദ്യദിനം പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ തന്നെ ലോക്‌സഭ, രാജ്യസഭ അംഗങ്ങളുടെ സംയുക്ത സിറ്റിങ് നടക്കും. ഗണേശ ചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 19 ന് പ്രത്യേക പൂജകളോടെ പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെങ്കിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം കൂടിയായതിനാല്‍ പുതിയ മാറ്റം രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമായേക്കും. എന്നാല്‍ ദേശീയ പുഷ്പം എന്ന നിലയിലാണ് താമര യൂണിഫോമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്.