.jpeg)
റഷ്യന്‍ എണ്ണയ്‌ക്കെതിരെ പുതിയ യുഎസ് ഉപരോധം; ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടിയാകും
യുഎസ് ട്രഷറി ജനുവരി 10-ന് റഷ്യന്‍ എണ്ണ കമ്പനിയായ ഗ്യാസ്‌പ്രോം നെഫ്റ്റിനും സര്‍ഗെറ്റ്‌നെഫ്റ്റ്ഗ്യാസിനും കൂടാതെ 183 എണ്ണക്കപ്പലുകള്‍ക്കും എതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ചു. യുക്രെയ്‌നിന് എതിരായ യുദ്ധത്തില്‍ റഷ്യയെ സാമ്പത്തികമായി തളര്‍ത്തുകയാണ് യുഎസ് ലക്ഷ്യം.
റഷ്യയിലെ എണ്ണ ഉല്‍പാദക കമ്പനികള്‍ക്കും കപ്പലുകള്‍ക്കും എതിരെ യുഎസ് പുതിയ ഉപരോധം പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ ലഭിച്ചിരുന്നതിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ആരംഭിച്ചശേഷം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ റഷ്യ ഇന്ത്യയ്ക്കും ചൈനയ്ക്കും കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കിയിരുന്നു. റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്.
ഈ എണ്ണക്കപ്പലുകളില്‍ അധികവും ഇന്ത്യയിലേക്കും ചൈനയിലേക്കും എണ്ണ കടത്താന്‍ ഉപയോഗിക്കുന്നവയാണ്. 2022-ലെ ഉപരോധത്തെ തുടര്‍ന്ന് റഷ്യയുടെ പ്രധാന എണ്ണ വിപണി യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്ക് മാറിയിരുന്നു. ഇറാനില്‍ നിന്നും എണ്ണ കൊണ്ടുവന്നിരുന്ന ഏതാനും കപ്പലുകളും പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുന്നു.
ഉപരോധത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള 143 കപ്പലുകള്‍ കഴിഞ്ഞവര്‍ഷം 530 മില്ല്യണ്‍ ബാരല്‍ റഷ്യന്‍ അസംസ്‌കൃത എണ്ണയാണ് കൈകാര്യം ചെയ്തത്. ഇത് റഷ്യയുടെ കടല്‍ വഴിയുള്ള എണ്ണക്കടത്തിന്റെ 42% വരും. ഇതില്‍ 300 മില്ല്യണ്‍ ബാരലും ചൈനയിലേക്കും ബാക്കിയുള്ളവയില്‍ ഭൂരിഭാഗവും ഇന്ത്യയിലേക്കും ആണ് കയറ്റുമതി ചെയ്തത്.
എണ്ണ കയറ്റുമതി ചെയ്യാനുള്ള കപ്പലുകളുടെ എണ്ണം കുറയുന്നത് വിതരണം ചെയ്യുന്ന എണ്ണയുടെ അളവ് കുറയ്ക്കാനും കടത്തുകൂലി വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ 11 മാസത്തെ ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യന്‍ എണ്ണയാണ്. കഴിഞ്ഞ വര്‍ഷം 4.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഈ ഉപരോധം മൂലം ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യന്‍ എണ്ണയ്ക്ക് പകരം മധ്യേഷ്യ, ആഫ്രിക്ക, അമേരിക്ക പോലുള്ള എണ്ണ വിപണികളിലേക്ക് തിരിച്ചു പോകേണ്ടി വരും.


