PHOTO: PTI
പുതുവത്സരാഘോഷം: ബംഗളൂരുവില്‍ കനത്ത സുരക്ഷ
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരികളുടെയും സ്വദേശികളുടെയും സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ന്യൂ ഇയര്‍ പാര്‍ട്ടികള്‍ രാത്രി ഒരുമണിക്ക് അവസാനിപ്പിക്കാനും നിര്‍ദേശമുണ്ട്.
ആഘോഷങ്ങള്‍ക്കായി ക്ലബ്ബുകളിലും ഹോട്ടലുകളിലുമെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുവാനും അധികൃതര്‍ നിര്‍ദേശം നല്‍കി. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും എതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. നിയന്ത്രണങ്ങളുടെ ഭാഗമായി സിറ്റി പോലീസ് വിവിധ സ്ഥലങ്ങളിലായി 48 ചെക്ക് പോസ്റ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗതാഗത നിയന്ത്രണവും
ഗതാഗതക്കുരുക്കും സുരക്ഷയും കണക്കിലെടുത്ത് എംജി റോഡ്, റസിഡന്‍സി റോഡ്, ചര്‍ച്ച് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 31 ന് രാത്രി എട്ട് മുതല്‍ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. 11 മുതല്‍ രാവിലെ ആറുവരെ നഗരത്തിലെ ഫ്‌ളൈ ഓവറുകളും അടച്ചിടും.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടംനല്‍കുന്നതിനായി സ്ത്രീ സുരക്ഷാ ദ്വീപ് നഗരത്തിനുള്ളില്‍ അധികൃതര്‍ അവതരിപ്പിക്കും. സുരക്ഷയുടെ ഭാഗമായി ഹോട്ടലുകള്‍, ക്ലബ്ബുകള്‍, പബ്ബുകള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ സമയക്രമം ഏര്‍പ്പെടുത്തും.
സുരക്ഷയുടെ ഭാഗമായി 5,200 കോണ്‍സ്റ്റബിള്‍മാരെയും 1,800 ഹെഡ്‌കോണ്‍സ്റ്റബിള്‍മാരെയും 600 എഎസ്‌ഐമാരെയും 600 എസ്‌ഐമാരെയും 160 ഇന്‍സ്‌പെക്ടര്‍മാരെയും 45 എസിപിമാരെയും 15 ഡിപിസിമാരെയും ഒരു ജോയിന്റ് കമ്മീഷണറെയും രണ്ട് അഡീഷണല്‍ കമ്മീഷണര്‍മാരെയും സുരക്ഷയ്ക്കായി വിവിധയിടങ്ങളില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.