
ന്യൂയോർക് ഗവർണ്ണറുടെ മുൻ സഹായി അറസ്റ്റിൽ
ന്യൂയോർക്ക് ഗവർണ്ണർ കാത്തി ഹൊചുലിന്റെ സീനിയർ ഉദ്യോഗസ്ഥയായിരുന്ന ലിൻഡ സൺ-നെ അമേരിക്കൻ ഫെഡറൽ അധികൃതർ അറസ്റ്റു ചെയ്തു. ചൈനീസ് സർക്കാരിന്റെ ഏജന്റ് ആയി പ്രവർത്തിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഏതു തരത്തിലുള്ള ഏജന്റ് ആയിരിന്നുവെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല
ന്യൂയോർക്ക് സ്റ്റേറ്റ് സർക്കാരിൽ വിവിധ പദവികൾ വഹിച്ചിരുന്ന ലിൻഡ സൺ ഹൊച്ചുലിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവി വഹിച്ചിരുന്നു. ലോങ്ങ് ഐലൻഡിലെ മൂന്നര ദശലക്ഷം ഡോളർ വിലയുള്ള വസതിയിൽ നിന്നാണ് ലിൻഡയെയും ഭർത്താവായ ക്രിസ് ഹുവിനെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
തായ്‌വാൻ സർക്കാരിന്റെ പ്രതിനിധികൾക്ക് ന്യൂയോർക്ക് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുന്നതിന് ചൈനീസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം തടസ്സമുണ്ടാക്കുക, ന്യൂയോർക്കിലെ ഉയർന്ന ഒരു രാഷ്ട്രീയ നേതാവിന് ചൈന സന്ദർശിക്കുന്നതിനുള്ള സൗകര്യമൊരുക്കുക, ചൈനയുടെ മുൻഗണനകൾക്കനുസൃതമായി ന്യൂയോർക്ക് സർക്കാരിന്റെ വീക്ഷണങ്ങൾ തയ്യാറാക്കുക തുടങ്ങിയവയാണ് ലിൻഡക്കെതിരെ പ്രോസിക്യൂഷൻ ഉയർത്തുന്ന ആരോപണങ്ങൾ.