
ന്യൂസിലാൻഡ് ക്രിക്കറ്റ് താരത്തിന് ഒരു മാസത്തെ വിലക്ക്
മുൻ ന്യൂസിലാൻഡ് പേസ് ബൗളർ ഡഗ് ബ്രേസ്വെല്ലിനെ കൊക്കയ്ൻ ഉപയോഗത്തിന്റെ പേരിൽ ഒരു മാസം ക്രിക്കറ്റിൽ നിന്നും വിലക്ക് ഏർപ്പെടുത്തി. ഈ വർഷം ആദ്യം ഏർപ്പെടുത്തിയ വിലക്കിന്റെ വിശദാംശങ്ങൾ തിങ്കളാഴ്ച്ചയാണ് ന്യൂസിലാൻഡ് സ്പോർട്സ് ഇന്റഗ്രിറ്റി കമ്മീഷൻ പുറത്തു വിട്ടത്.
28 ടെസ്റ്റ് മത്സരങ്ങളിൽ ന്യൂസിലൻഡിനെ പ്രതിനിധീകരിച്ച 34 കാരനായ താരം ജനുവരിയിൽ സെൻട്രൽ ഡിസ്ട്രിക്ടും വെല്ലിംഗ്ടണും തമ്മിലുള്ള ആഭ്യന്തര ട്വന്റി 20 മത്സരത്തെത്തുടർന്ന് മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ആ കളിയിലെ പ്ലെയർ ഓഫ് ദ മാച്ചായിരുന്നു ബ്രേസ്വെൽ.
തുടക്കത്തിൽ കമ്മിഷൻ മൂന്ന് മാസത്തെ സസ്പെൻഷൻ ഏർപ്പെടുത്തിയെങ്കിലും ബ്രേസ്വെൽ ചികിത്സ പൂർത്തിയാക്കിയതോടെ ഇത് ഒരു മാസമായി കുറച്ചു. ഒരു മാസത്തെ വിലക്ക് നേരത്തെ ബാധകമാക്കുകയും ഏപ്രിലിൽ മുതൽ ക്രിക്കറ്റ് പുനരാരംഭിക്കാൻ അനുവദിക്കുകയും ചെയ്തു. കായിക പ്രകടനവുമായി ബന്ധമില്ലാത്ത കാരണങ്ങളാലാണ് അദ്ദേഹം കൊക്കയ്ൻ ഉപയോഗിച്ചതെന്ന് അംഗീകരിക്കപ്പെട്ടതായി കമ്മീഷൻ പറഞ്ഞു.
"നല്ല മാതൃക സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം അത്ലറ്റുകൾക്കുണ്ട്. കളിക്കളത്തിനകത്തും പുറത്തുമുള്ള അവരുടെ പ്രവർത്തികൾ അടുത്ത തലമുറയിലെ അത്ലറ്റുകളെ സ്വാധീനിക്കുന്നു, ആരോഗ്യകരവും ഉത്തരവാദിത്തമുള്ളതുമായ തിരഞ്ഞെടുപ്പുകൾ നടത്തി അവർ റോൾ മോഡലുകളായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്", കമ്മിഷൻ പറഞ്ഞു.
ന്യൂസിലൻഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് സ്കോട്ട് വീനിങ്ക് ബ്രേസ്വെല്ലിന്റെ നടപടികളിൽ നിരാശ പ്രകടിപ്പിച്ചു."തന്റെ പിഴവ്, പെരുമാറ്റത്തിന്റെ അനന്തരഫലങ്ങൾ, ചുമത്തിയ പിഴ എന്നിവയുടെ പൂർണ്ണ ഉത്തരവാദിത്തം ഡഗ് ഏറ്റെടുക്കുന്നു," വീനിങ്ക് പറഞ്ഞു. "ഞങ്ങളുടെ പ്രതീക്ഷകളെക്കുറിച്ച് പൂർണ്ണമായി അറിയുന്ന ഡഗിന് ഒരു സംഘടന എന്ന നിലയിൽ ഞങ്ങൾ തുടർന്നും പിന്തുണ നൽകും."