TMJ
searchnav-menu
post-thumbnail

TMJ Daily

അടുത്ത യുഎസ് പ്രസിഡന്റ്; സാധ്യത പട്ടിക തയ്യാറാക്കി ട്രംപ്

05 May 2025   |   1 min Read
TMJ News Desk

നിയൊരു തവണ കൂടി യുഎസ് പ്രസിഡന്റാകാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഭരണഘടന പ്രകാരം രണ്ട് തവണയില്‍ കൂടുതല്‍ പ്രസിഡന്റ് ആകാന്‍ കഴിയില്ലെന്ന് ഭരണഘടനാ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

'ഞാന്‍ എട്ടുവര്‍ഷത്തെ പ്രസിഡന്റ് ആകും, ഞാന്‍ രണ്ട് ടേം പ്രസിഡന്റ് ആകും. അത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു,' ട്രംപ് എന്‍ബിസിയുടെ മീറ്റ് ദി പ്രസ് അഭിമുഖത്തില്‍ പറഞ്ഞു.

മൂന്നാം തവണയും നാലാം തവണയും പ്രസിഡന്റാകാന്‍ താല്‍പര്യമുണ്ടെന്ന് 78 വയസ്സുകാരനായ ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

വ്യാജ വാര്‍ത്താ മാധ്യമങ്ങളെ ട്രോളാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു തന്റെ പ്രസ്താവനയെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ കമ്പനിയായ ദി ട്രംപ് ഓര്‍ഗനൈസേഷന്‍ ട്രംപ് 2028 തൊപ്പികള്‍ വില്‍ക്കുന്നുണ്ട്. ഇത് അദ്ദേഹം മൂന്നാം തവണയും മത്സരിക്കുമെന്ന അഭ്യൂഹം ഉയര്‍ത്തിയിരുന്നു. രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ കാലാവധി 2029 ജനുവരി വരെയാണ്.

മൂന്നാം തവണയും മത്സരിക്കണമെന്ന് ധാരാളം ആളുകള്‍ തന്നോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

അത് ചെയ്യാന്‍ അനുവാദമില്ലെന്ന് തനിക്ക് അറിയാമെന്ന് ട്രംപ് പറഞ്ഞു. പലരും 2028 തൊപ്പി വില്‍ക്കുന്നുണ്ടെന്നും ഈയിടെ ഭരണത്തില്‍ 100 ദിനം തികച്ച ട്രംപ് പറഞ്ഞു.

താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതെല്ലെന്നും തന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരുടെ റിപ്പബ്ലിക്കന്‍ നേതാക്കന്‍മാരുടെ പട്ടിക തയ്യാറാക്കാന്‍ പോകുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അതില്‍ ഉള്‍പ്പെടുന്നുണ്ട്.

അമേരിക്കന്‍ ഭരണഘടനയുടെ 22ാം ഭേദഗതി അനുസരിച്ച് രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ സാധിക്കില്ല. ഭരണഘടന ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റിലെ സെനറ്റിലും പ്രതിനിധി സഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കൂടാതെ നാലില്‍ മൂന്ന് സംസ്ഥാനങ്ങളുടെ പിന്തുണയും ആവശ്യമാണ്.

എന്നാല്‍, ഭരണഘടനയില്‍ ഒരു മാര്‍ഗമുണ്ടെന്ന് ട്രംപ് അനുകൂലികള്‍ പറയുന്നുണ്ട്. അത് ഇതുവരെ കോടതിയുടെ പരിഗണനയില്‍ വന്നിട്ടില്ല.







 

#Daily
Leave a comment