
വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ നിയ മരിച്ചു
മൂന്ന് ഡോസ് വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ഇന്ന് രാവിലെയാണ് നിയ മരിച്ചത്.
ഏപ്രില്‍ 8ന് നായയുടെ കടിയേറ്റ നിയയ്ക്ക് വിളകുടി കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്നും പുനലൂര്‍ താലൂക്ക് ആശുപത്രിയിലും നിന്ന് വാക്‌സിനെടുത്തിരുന്നു. എന്നാല്‍, 29ന് പനി ബാധിച്ച് നിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞരമ്പില്‍ നായയുടെ കടിയേറ്റ് പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.
നിയയുടെ മൃതദേഹം വീട്ടിലെത്തിക്കാതെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഖബറടക്കം നടത്തി. നിയയുടെ ഉമ്മ ഹബീറയെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് നിയ. പത്തനംതിട്ട സ്വദേശിനി 13 വയസ്സുകാരിയായ ഭാഗ്യലക്ഷ്മിയും മലപ്പുറം സ്വദേശിനി ആറ് വയസ്സുള്ള സിയ ഫാരിസും മരിച്ചിരുന്നു.