TMJ
searchnav-menu
post-thumbnail

ലഖ്ബീര്‍ സിംഗ് ലാന്‍ഡ

TMJ Daily

ഖലിസ്ഥാന്‍ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; 10 ലക്ഷം ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ

21 Sep 2023   |   2 min Read
TMJ News Desk

ലിസ്ഥാന്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി ദേശീയ അന്വേഷണ ഏജന്‍സി. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഖ്ബീര്‍ സിംഗ് ലാന്‍ഡ, പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹര്‍വീന്ദര്‍ സിംഗ് റിന്‍ഡ എന്നിവരുള്‍പ്പെടെയുള്ള അഞ്ച് ഖലിസ്ഥാന്‍ ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. പരമിന്ദര്‍ സിങ് കെയ്‌റ, സത്‌നാം സിങ്, യാദ്‌വീന്ദര്‍ സിങ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബില്‍ ഇവര്‍ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. 

മാര്‍ച്ച് 19 ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ചതുള്‍പ്പെടെയുള്ള ഇന്ത്യാവിരുദ്ധ നടപടികളില്‍ ഭാഗമായവരും പഞ്ചാബില്‍ മയക്കുമരുന്ന് ആയുധ കള്ളക്കടത്ത് എന്നിവയില്‍ പങ്കാളിയായവരുമായ 43 ഖലിസ്ഥാനി ഭീകരരുടെ ചിത്രങ്ങളും എന്‍ഐഎ പുറത്തുവിട്ടിട്ടുണ്ട്. 

നിരോധിത സംഘടനയായ ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും പണം സ്വരൂപിക്കുകയും ചെയ്തുവെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ത്യയും കാനഡയും തമ്മില്‍ ഖലിസ്ഥാന്‍ വിഘടനവാദത്തിന്റെ പേരില്‍ ബന്ധം വഷളാവുന്നതിനിടെയാണ് എന്‍ഐഎ നടപടി. നേരത്തെ ഖലിസ്ഥാന്‍ വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുകയായിരുന്നു. 

തെളിവുകള്‍ തേടി ഇന്ത്യ 

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണങ്ങളല്ല, തെളിവുകള്‍ നല്‍കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കെതിരായ ആരോപണത്തില്‍ സത്യം തെളിയണമെന്നും മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാനഡയിലെ അന്വേഷണവുമായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും നയതന്ത്ര ചാനലുകള്‍ വഴി ഇന്ത്യ സന്ദേശമയച്ചു. കൂടാതെ പ്രധാനപ്പെട്ട സഖ്യകക്ഷികളെ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിലെ പൊള്ളത്തരം ബോധ്യപ്പെടുത്തുമെന്നും ഭീകരര്‍ക്ക് അനുകൂലമായ കാനഡയുടെ നിലപാടിനെ തുറന്നുകാട്ടുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് 

കാനഡയുമായി നയതന്ത്രബന്ധം വഷളായതിനു പിന്നാലെ ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യാവിരുദ്ധ അജന്‍ഡയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാനഡയിലെ പ്രദേശങ്ങളിലേക്കുള്ള യാത്ര ഇന്ത്യന്‍ പൗരന്മാര്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്‍ോയിലെ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. 

കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാന ആശങ്കകളിലൊന്നെന്ന് അധികൃതര്‍ പറയുന്നു. നിരോധിത വിഘടനവാദി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു കനേഡിയന്‍ ഹിന്ദുക്കളോട് രാജ്യംവിടാന്‍ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതും ആശങ്ക വര്‍ധിപ്പിക്കുന്നു. കനേഡിയന്‍ ഹിന്ദുക്കള്‍ കാനഡയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും പന്നു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.


#Daily
Leave a comment