
ഹര്‍ദീപ് സിങ് | PHOTO: WIKI COMMONS
നിജ്ജാര്‍ വധം: പിന്നില്‍ പാകിസ്ഥാനെന്ന് സൂചന; പരിശോധന തുടങ്ങി കാനഡ
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ ആണെന്ന് റിപ്പോര്‍ട്ട്. നിജ്ജാറിനെ കൊലപ്പെടുത്താന്‍ ഐഎസ്‌ഐ രണ്ട് ഭീകരരെ വാടകയ്‌ക്കെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ട്.
കാനഡയിലെ ഐഎസ്‌ഐ ഏജന്റുമാരായ രഹത് റാവുവും താരിഖ് കിയാനിയുമാണ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്.
ഇന്റലിജന്‍സിനെ സമീപിച്ചതോ പ്രകോപന കാരണം
കനേഡിയന്‍ സര്‍ക്കാര്‍ ഐഎസ്‌ഐയെ അടക്കം പിന്തുണച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ തങ്ങളോട് സഹകരിച്ച് കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല ഭീകരരെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ പറ്റിയ ആളെ കണ്ടെത്താന്‍ ഐഎസ്‌ഐ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പാകിസ്ഥാനില്‍ നിന്നുമെത്തിയ ഗുണ്ടാനേതാവിന് പിന്തുണ നല്‍കാന്‍ ഐഎസ്‌ഐ ഹര്‍ദീപ് സിങ് നിജ്ജാറില്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായും പറയപ്പെടുന്നു.
ഹര്‍ദീപ് സിങ് നിജ്ജാര്‍ കനേഡിയന്‍ സുരക്ഷാ ഇന്റലിജന്‍സ് സര്‍വീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെടുന്നതിനു ആറു ദിവസം മുമ്പ് ഇന്റലിജന്‍സ് വിഭാഗത്തിലെ സീനിയര്‍ ഉദ്യോഗസ്ഥരെ നിജ്ജാര്‍ കണ്ടിരുന്നതായാണ് മകന്റെ വെളിപ്പെടുത്തല്‍. ഇത് ഐഎസ്‌ഐയെ പ്രകോപിപ്പിച്ചതായും പറയുന്നു.
കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വിഘടനവാദി നേതാവുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതോടെയാണ് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ ആരംഭിച്ചത്. നിജ്ജാറിന്റെ കൊലയ്ക്കു പിന്നില്‍ ഇന്ത്യന്‍ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ ആരോപണം.
ജൂണ്‍ 18 നാണ് ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
നിലപാടില്‍ ഉറച്ച് ഇന്ത്യ
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കില്ല എന്ന നിലപാട് വീണ്ടും വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ന്യൂയോര്‍ക്കില്‍ നടന്ന കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍ പരിപാടിക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫൈവ് ഐസ് സഖ്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘമാണ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയത് എന്ന റിപ്പോര്‍ട്ട് ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ താന്‍ ഫൈവ് ഐസിന്റെ ഭാഗമല്ല, എഫ്ബിഐയുടേയും ഭാഗമല്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ തെറ്റായ വ്യക്തിയോടാണ് ചോദ്യം ചോദിക്കുന്നത് എന്നാണ് ജയശങ്കര്‍ മറുപടി കൊടുത്തത്. ഇന്ത്യ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും എതിരായ പ്രതികരണങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാവരുത്, ചില രാജ്യങ്ങള്‍ അജന്‍ഡ നിശ്ചയിക്കുന്നത് മാറ്റണം എന്നും ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്നലെ എസ് ജയശങ്കര്‍ പറഞ്ഞിരുന്നു.