
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടന്‍ ഷൗക്കത്തിനെതിരെ അന്‍വര്‍
നിലമ്പൂരില്‍ യുഡിഎഫിന്റെ ഏത് സ്ഥാനാര്‍ത്ഥിയേയും അംഗീകരിക്കുമെന്ന നിലപാടില്‍ നിന്നും പി വി അന്‍വര്‍ പിന്നോക്കം പോയി. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ അന്‍വര്‍ രംഗത്ത്. ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്നുള്ള പ്രതികരണം അന്‍വര്‍ നടത്തി.
മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ നിലമ്പൂരില്‍ ആര്യാടന്‍ കുടുംബത്തിന്റെ കുത്തക അവസാനിപ്പിച്ചാണ് അന്‍വര്‍ സിപിഐഎമ്മിനുവേണ്ടി മണ്ഡലം പിടിച്ചെടുത്തത്.
നിലമ്പൂരില്‍ ഏത് ചെകുത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയാലും താന്‍ പിന്തുണയ്ക്കുമെന്നാണ് ഇന്നലെ അന്‍വര്‍ പറഞ്ഞത്. എന്നാല്‍, ഷൗക്കത്തിന്റെ പേര് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ സജീവമായതോടെ അന്‍വര്‍ വാക്ക് മാറ്റി.
വി എസ് ജോയിയുടെ പേരാണ് അന്‍വര്‍ നിര്‍ദ്ദേശിക്കുന്നത്. വയനാട് ലോകസഭ മണ്ഡലത്തില്‍ യുഡിഎഫിന് ഒരു ക്രിസ്ത്യന്‍ എംഎല്‍എയും ഇല്ലെന്നും മണ്ഡലത്തില്‍ 20 ശതമാനം പ്രാതിനിധ്യം ക്രിസ്ത്യന്‍ സമുദായത്തിന് ഉണ്ടെന്നും അനവര്‍ പറയുന്നു.
മണ്ഡലത്തിലെ പ്രധാനപ്പെട്ടൊരു വിഷയമായ വനം, വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് താന്‍ മുന്നോട്ടുവച്ച വിഷയം ഏറ്റവും നന്നായി ഏറ്റെടുത്ത് ചെയ്യാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ത്ഥി ജോയിയാണെന്നും അവന്‍ പറയുന്നു.


