
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടു: രാഹുല്‍ മാങ്കൂട്ടത്തില്‍
പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ ജയിക്കാന്‍ കഴിയുന്നത് യുഡിഎഫിനാണെന്നും അതിനാല്‍ ആ മുന്നണിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവായ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇന്നലെ രാത്രിയില്‍ രഹസ്യമായി അന്‍വറുമായി കൂടിക്കാഴ്ച്ച നടത്താനെത്തിയത് പരസ്യമായതിനെ തുടര്‍ന്നാണ് രാഹുലിന്റെ വിശദീകരണം.
തീരുമാനങ്ങള്‍ അതിവൈകാരികമായി എടുക്കരുതെന്ന് അന്‍വറിനോട് രാഹുല്‍ ആവശ്യപ്പെട്ടു. യുഡിഎഫില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അംഗമാക്കാത്തതും തനിക്ക് താല്‍പര്യമില്ലാത്ത സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിലമ്പൂരില്‍ പ്രഖ്യാപിച്ചതും കാരണം നീരസത്തിലായ അന്‍വറിനെ മയപ്പെടുത്താനാണ് രാഹുല്‍ ഇന്നലെ രാത്രിയില്‍ സന്ദര്‍ശനം നടത്തിയത്.
ഏതെങ്കിലും ചുമതലയുടെയോ അനുനയത്തിന്റെ അടിസ്ഥാനത്തിലല്ല പിന്തുണ ആവശ്യപ്പെട്ടതെന്നും പാര്‍ട്ടിയോ മുന്നണിയോ അന്‍വറുമായി ചര്‍ച്ച നടത്താന്‍ ഏല്‍പ്പിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.
ചര്‍ച്ചയ്ക്കായി പാര്‍ട്ടി തന്നെ ചുമതലപ്പെടുത്താന്‍ അത്ര ഉയരത്തിലുള്ള ആളല്ല താനെന്നും ആ ബോധ്യമുണ്ടെന്നും ചര്‍ച്ച നടത്താന്‍ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പിണറായിസത്തിനെതിരെ അന്‍വര്‍ പറഞ്ഞ് തുടങ്ങിയത് മുതല്‍ അക്കാര്യത്തോട് യോജിപ്പുണ്ടെന്നും കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങളാണ് അന്‍വര്‍ ഏറ്റുപറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.


