
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫ് സുസജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികള്‍ അടക്കം 263 ബൂത്ത് കമ്മിറ്റികളും നിലവില്‍ വന്നു. എണ്ണായിരത്തില്‍ അധികം വോട്ടര്‍മാരെ പുതുതായി ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസും യുഡിഎഫും സുസജ്ജമാണ്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും പരിപാടികള്‍ നടന്നു. ഏത് സമയത്ത് തിരഞ്ഞെടുപ്പ് നടന്നാലും നേരിടാന്‍ യുഡിഎഫ് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഇന്ന് ഞായര്‍ ആണെന്നതിന്റെ പ്രശ്നം മാത്രമെയുള്ളൂവെന്ന് സതീശന്‍ പറഞ്ഞു. സാധാരണയായി 24 മണിക്കൂറിനകമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. അതില്‍ കാലതാമസമുണ്ടാകില്ല. എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ യു ഡി എഫ് ഉജ്ജ്വല വിജയം നേടുമെന്നും സതീശന്‍ അവകാശപ്പെട്ടു. യുഡിഎഫില്‍ നിന്നും നഷ്ടപ്പെട്ട നിലമ്പൂര്‍ സീറ്റില്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. അത് എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തീരുമാനിക്കും. എല്ലാവരുമായും സംസാരിച്ച് തീരുമനം പ്രഖ്യാപിക്കാന്‍ യുഡിഎഫ് നേതൃത്വം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിലമ്പൂരില്‍ എംഎല്‍എ ആയിരുന്ന അന്‍വറിന്റെ സാന്നിധ്യം യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്‍വര്‍ യുഡിഎഫുമായി പൂര്‍ണമായും സഹകരിക്കും. യുഡിഎഫിനൊപ്പം അന്‍വറുമുണ്ടാകും.


