
നീലേശ്വരത്ത് വെടിക്കെട്ട് അപകടം:154 പേർക്ക് പരുക്കേറ്റു; 15 പേരുടെ നില ഗുരുതരം
കാസർഗോഡ് നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു. അപകടത്തിൽ 154 പേർക്ക് പരിക്കേറ്റു ഇതിൽ 15 പേരുടെ നില ഗുരുതരം. അപകടത്തിൽ പരിക്കേറ്റ 97 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടാവുന്നത്. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ മിംസ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വെടിക്കെട്ട് പുരയ്ക്ക് സമീപം നിന്നിരുന്നവർക്കാണ് പൊള്ളലേറ്റത്. പൊട്ടിത്തെറിയുണ്ടായതോടെ ആളുകൾ ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്.
സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പൊലീസ് കേസെടുത്തു. വെടിക്കെട്ട് നടത്താനുള്ള അനുമതിയ്ക്കായി അപേക്ഷ നൽകിയിരുന്നില്ല. സംഭവത്തിൽ ക്ഷേത്ര പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചുവെന്ന് കളക്ടർ വ്യക്തമാക്കി. ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവി എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകി.
ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയാണ് പടക്കശേഖരത്തിന് തീപിടിച്ചത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.


