
നിമിഷ പ്രിയ: ആരോപണവുമായി തലാലിന്‍റെ സഹോദരൻ
യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരവെ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി. നിമിഷ പ്രിയയയുടെ മോചനത്തിനായി ശ്രമിക്കുന്ന സാമൂഹ്യ പ്രവർത്തകൻ എന്നാണ് സാമുവല്‍ ജെറോം അവകാശപ്പെടുന്നത്. എന്നാൽ, സാമുവല്‍ ജെറോം മധ്യസ്ഥത എന്ന പേരില്‍ പണം കവര്‍ന്നെന്നും, നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ അദ്ദേഹം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
സാമുവല്‍ ജെറോം ഈ വിഷയത്തിൽ തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ, കാണുകയോ ബന്ധപ്പെടുകയോ ഒരു സന്ദേശം പോലും അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ചാണെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷക്ക് പ്രസിഡന്‍റ് അംഗീകാരം നല്‍കിയതിന് പിന്നാലെ താന്‍ അദ്ദേഹത്തെ സനയില്‍വച്ച് കണ്ടുമുട്ടിയെന്നും, അന്ന് സാമുവല്‍ ജെറോം ഒരായിരം അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞതായും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം കേരള മാധ്യമങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാവുമല്‍ ജെറോം 20,000 ഡോളര്‍ ശേഖരിക്കാന്‍ അഭ്യര്‍ത്ഥിച്ച വിവരം അറിഞ്ഞതെന്നും വര്‍ഷങ്ങളായി ഇയാള്‍ തങ്ങളുടെ മധ്യസ്ഥത എന്ന പേരില്‍ വ്യാപാരം നടത്തുകയാണെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ ആരോപിച്ചു. തങ്ങള്‍ക്ക് സത്യം അറിയാമെന്നും, അദ്ദേഹം നുണ പറയുന്നതും, വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കില്‍ സത്യം വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


