നിമിഷ പ്രിയ | PHOTO: WIKI COMMONS
നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ അനുമതിയില്ല; തീരുമാനം യുക്തിപരമല്ല
യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ അനുമതിയില്ല. ഇപ്പോള്‍ കുടുംബം യെമന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്നാണ് കേന്ദ്രനിര്‍ദേശം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തുനല്‍കി. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും മകള്‍ മിഷേല്‍ ടോമി തോമസുമാണ് കേന്ദ്രാനുമതി തേടിയത്.
നിമിഷ പ്രിയയുടെ കുടുംബം യെമന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് നല്‍കിയ കത്തില്‍ പറയുന്നു. കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്. യെമനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികള്‍ ഇല്ലെന്നും സുരക്ഷാ വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം യാത്ര ചെയ്യരുതെന്നുമാണ് വിശദീകരണം.
മുന്നില്‍ തൂക്കുകയര്‍
യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സന്‍ആയിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവച്ചത്. വധശിക്ഷയ്‌ക്കെതിരെ നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13 ന് യെമന്‍ സുപ്രീംകോടതി തള്ളിയിരുന്നു. സന്‍ആ ഹൈക്കോടതിയും വധശിക്ഷ ശരിവച്ചിരുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ബിസിനസ് പങ്കാളിയായിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ പ്രിയ. സ്വന്തമായി ക്ലിനിക് ആരംഭിക്കാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മെഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രിയയുടെ വാദം. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ശരീഅത്ത് നിയമപ്രകാരം തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കൂ. അതിനായുള്ള ചര്‍ച്ചകള്‍ക്കായി യെമനിലേക്ക് പോകാന്‍ തനിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും സേവ് നിമിഷ പ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും അവസരമൊരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കുടുംബം കേന്ദ്രത്തിന് കത്ത് നല്‍കിയത്. മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ.