TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ അനുമതി

12 Dec 2023   |   2 min Read
TMJ News Desk

യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. ഇതിനായി നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുമതി തേടി നിമിഷ പ്രിയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 

വാദത്തിനിടെ അനുമതി നല്‍കുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് കോടതിയുടെ ഉത്തരവ്. മകളുടെ ജീവന്‍ രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇന്ത്യക്കാര്‍ക്ക് യമനിലേക്ക് യാത്രാ അനുമതി ഇല്ലെന്ന് കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി യെമനില്‍ ബിസിനസ് നടത്തുന്ന ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നല്‍കാറുണ്ട്. കോടതിയുടെ കരുണയിലാണ് നിമിഷ പ്രിയയുടെ ജീവിതമെന്നായിരുന്നു അമ്മ പ്രേമകുമാരിയുടെ അഭിഭാഷകന്‍ കെആര്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചത്. 

ഇപ്പോള്‍ കുടുംബം യെമന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തും നല്‍കിയിരുന്നു. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും മകള്‍ മിഷേല്‍ ടോമി തോമസുമാണ് കേന്ദ്രാനുമതി തേടിയത്. 

നിമിഷ പ്രിയയുടെ കുടുംബം യെമന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് നല്‍കിയ കത്തില്‍ പറഞ്ഞത്. കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്. യെമനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികള്‍ ഇല്ലെന്നും സുരക്ഷാ വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം യാത്ര ചെയ്യരുതെന്നുമായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. 

മുന്നില്‍ തൂക്കുകയര്‍ 

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സന്‍ആയിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവച്ചത്. വധശിക്ഷയ്ക്കെതിരെ നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13 ന് യെമന്‍ സുപ്രീംകോടതി തള്ളിയിരുന്നു. സന്‍ആ ഹൈക്കോടതിയും വധശിക്ഷ ശരിവച്ചിരുന്നു. 

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ബിസിനസ് പങ്കാളിയായിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ പ്രിയ. സ്വന്തമായി ക്ലിനിക് ആരംഭിക്കാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മെഹ്ദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രിയയുടെ വാദം. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

ശരീഅത്ത് നിയമപ്രകാരം തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കൂ. അതിനായുള്ള ചര്‍ച്ചകള്‍ക്കായി യെമനിലേക്ക് പോകാന്‍ തനിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും സേവ് നിമിഷ പ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും അവസരമൊരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കുടുംബം കേന്ദ്രത്തിന് കത്ത് നല്‍കിയത്. മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ.


#Daily
Leave a comment