TMJ
searchnav-menu
post-thumbnail

TMJ Daily

നിമിഷപ്രിയയുടെ മോചനം: അമിത് ഷായെ കാണാൻ കുടുംബത്തിന്റെ ശ്രമം

11 Jul 2025   |   1 min Read
TMJ News Desk

ന്ന് തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ നിമിഷപ്രിയയുടെ ഭർത്താവ് ടോമി തോമസ് ശ്രമിക്കുകയാണ്. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ യെമനിൽ ജയിലിൽ തുടരുകയാണ്. ഈ മാസം 16നാണ് വധശിക്ഷ നടപ്പാക്കുക. നിമിഷപ്രിയയ്ക്കായി മോചനദ്രവ്യം നൽകാൻ അബ്ദുൾ റഹീം ട്രസ്റ്റ് സന്നദ്ധത അറിയിച്ചതായി ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു.

ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഇടപെടലിലൂടെ ഗവർണർ രാജേന്ദ്ര അർലേക്കറിനെ ടോമി തോമസ് കണ്ടിരുന്നു. ഗവർണറുടെ ഭാഗത്ത് നിന്നും ആശ്വാസകരമായ പ്രതികരണമാണ് ഉണ്ടായതെന്ന് ടോമി തോമസ് പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. നിമിഷപ്രിയയുടെ മോചനമെന്നത് ഉമ്മൻ ചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നുവെന്നും, അതിനായുള്ള ശ്രമങ്ങൾ തുടരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഇടപെടൽ അടിയന്തരമായി ആവശ്യപ്പെട്ട് കൊണ്ട് സേവ് നിമിഷപ്രിയ കൗൺസിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

നിമിഷപ്രിയയ്ക്കൊപ്പം യെമനിൽ ക്ലിനിക് നടത്തിയിരുന്നു യമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണ് കൊല്ലപ്പെട്ടത്. നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ച് വച്ച തലാൽ അബ്ദുമഹ്ദിയിൽ നിന്ന് അത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. മരുന്ന് കുത്തിവച്ച് മയക്കിയാണ് പാസ്പോർട്ട് തിരിച്ചെടുക്കാനുള്ള ശ്രമം നിമിഷപ്രിയ നടത്തിയത്. മരുന്ന് ഓവർഡോസ് ആയതാണ് മരണകാരണം. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ.


#Daily
Leave a comment