PHOTO: WIKI COMMONS
നിമിഷ പ്രിയയുടെ മോചനം: അമ്മ യെമനിലേക്ക് തിരിച്ചു
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5.30 ന് കൊച്ചിയില്‍ നിന്നാണ് യാത്ര തിരിച്ചത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് മോചനം സാധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് യാത്ര തിരിച്ചത്.
സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം യെമനിലേക്ക് പോയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് മുംബൈ വഴിയാണ് ഇരുവരുടെയും യാത്ര. യെമനിലെ എഡെന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം കരമാര്‍ഗമാണ് സനയില്‍ എത്തുക. സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ സന്ദര്‍ശിക്കാമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.
മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുമതി തേടി നിമിഷ പ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കോടതി അനുമതി നല്‍കുകയായിരുന്നു. വാദത്തിനിടെ അനുമതി നല്‍കുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. ഇപ്പോള്‍ കുടുംബം യെമന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തും നല്‍കിയിരുന്നു. നിമിഷ പ്രിയയുടെ കുടുംബം യെമന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് നല്‍കിയ കത്തില്‍ പറഞ്ഞത്.
തൂക്കുകയര്‍ മുന്നില്‍ കണ്ട് നിമിഷ പ്രിയ
യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സന്‍ആയിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവച്ചത്. വധശിക്ഷയ്‌ക്കെതിരെ നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13 ന് യെമന്‍ സുപ്രീംകോടതി തള്ളിയിരുന്നു. സന ഹൈക്കോടതിയും വധശിക്ഷ ശരിവച്ചിരുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ബിസിനസ് പങ്കാളിയായിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളിയെന്ന കേസാണ് വധശിക്ഷയ്ക്ക് കാരണമായത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ പ്രിയ. സ്വന്തമായി ക്ലിനിക് ആരംഭിക്കാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മെഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രിയയുടെ വാദം. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ശരീഅത്ത് നിയമപ്രകാരം തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കൂ. അതിനായുള്ള ചര്‍ച്ചകള്‍ക്കായി യെമനിലേക്ക് പോകാന്‍ തനിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും സേവ് നിമിഷ പ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും അവസരമൊരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കുടുംബം കേന്ദ്രത്തിന് കത്ത് നല്‍കിയത്. മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ.