REPRESENTATIONAL IMAGE: PTI
ബയോമൈനിങിനായി 95.24 കോടി രൂപയുടെ കരാര്‍; 20 നഗരസഭകളിലെ മാലിന്യക്കൂനകള്‍ നീക്കം ചെയ്യും
ബയോമൈനിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ 20 നഗരസഭകളിലെ മാലിന്യക്കൂനകള്‍ നീക്കം ചെയ്യുന്നതിനായി നാഗ്പൂരിലെ കമ്പനിയുമായി 95.24 കോടിയുടെ കരാറില്‍ സര്‍ക്കാര്‍ ഒപ്പുവച്ചു. ലോക ബാങ്ക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി(കെഎസ്ഡബ്ല്യുഎംപി)യുടെ ഭാഗമാണിത്. മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തില്‍ കെഎസ്ഡബ്ല്യുഎംപി പ്രോജക്ട് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എസ്എംഎസ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു.
കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കന്‍ പറവൂര്‍, കളമശേരി, വടകര, കല്‍പ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസര്‍ഗോഡ്, മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി എന്നീ നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ ചെലവ് 95.24 കോടി രൂപയാണ്.
20 ലെഗസി ഡമ്പ് സൈറ്റുകളിലായി 5.60 ലക്ഷം ക്യുബിക് മീറ്റര്‍ മാലിന്യമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് നിരവധി പാരിസ്ഥിതിക, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ബയോമൈനിങ് സമയത്ത് പുറത്തുവരുന്ന വസ്തുക്കള്‍ സുരക്ഷിതമായി നീക്കും. മണ്ണ്, കമ്പോസ്റ്റ്, മെറ്റല്‍, പ്ലാസ്റ്റിക്, തുണി, തുകല്‍, കെട്ടിടനിര്‍മാണ അവശിഷ്ടങ്ങള്‍, ഗ്ലാസ് എന്നിവ പുനഃചംക്രമണത്തിനും മറ്റ് നിഷ്‌ക്രിയവസ്തുക്കള്‍ ഭൂമി നികത്താനും റോഡ് നിര്‍മാണത്തിനും ഉപയോഗിക്കും. പ്ലാസ്റ്റിക്കും മറ്റ് കത്തുന്ന വസ്തുക്കളും സിമന്റ് ഫാക്ടറികളില്‍ ഇന്ധനമായി ഉപയോഗിക്കാനും സാധിക്കും.
ലക്ഷ്യം മാലിന്യമുക്ത നവകേരളമെന്ന് മന്ത്രി
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണിതെന്നും പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മാലിന്യക്കൂനകള്‍ ഇല്ലാതാകുമെന്നും മന്ത്രി എം ബി രാജേഷ്
പറഞ്ഞു. നഗരങ്ങളിലെ 60 ഏക്കറില്‍പ്പരം ഭൂമി വീണ്ടെടുത്ത് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനുമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.