സമുദ്രയാന്‍ മത്സ്യ 6000 | PHOTO: NIOT
ഇന്ത്യ ഇനി കടലാഴങ്ങളിലേക്ക്; സമുദ്രയാന്‍ ദൗത്യം അടുത്തവര്‍ഷം
ചന്ദ്രയാനു പിന്നാലെ സമുദ്രയാന്‍ ദൗത്യവുമായി ഇന്ത്യ. കടലിന്റെ അടിത്തട്ടിലുള്ള അമൂല്യമായ ധാതുശേഖരം ലക്ഷ്യമിട്ടാകും സമുദ്രയാന്‍ പര്യവേക്ഷണം നടത്തുക. മൂന്നംഗ സംഘത്തെ സമുദ്രത്തിന് 6000 അടി താഴ്ചയിലേക്ക് എത്തിച്ച് കൊബാള്‍ട്ട്, നിക്കല്‍, മാംഗനീസ് തുടങ്ങിയ അമൂല്യ ലോഹങ്ങളും ധാതുക്കളും കണ്ടെത്തുകയാണ് ലക്ഷ്യം.
4,077 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. 2018 ല്‍ സമുദ്രയാന്‍ പദ്ധതിക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയാണ് രൂപംനല്‍കിയത്. പര്യവേക്ഷണത്തിനായുള്ള 'മത്സ്യ 6000' പേടകം ചെന്നൈ തീരത്തുനിന്ന് അടുത്തവര്‍ഷം ആദ്യം യാത്ര തുടങ്ങും. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റന്‍ പേടകം തകര്‍ന്ന പശ്ചാത്തലത്തില്‍ അന്തര്‍വാഹിനിയുടെ നിര്‍മാണം ഏറെ ജാഗ്രതയോടെയാണ് പൂര്‍ത്തിയാക്കുന്നത്.
മത്സ്യ 6000
രണ്ടു വര്‍ഷമായി നിര്‍മാണം തുടരുന്ന മത്സ്യ 6000 പേടകത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിന്റെ ആഴത്തില്‍ സമുദ്രയാന്‍ പര്യവേക്ഷണം നടത്തുക. മനുഷ്യരില്ലാതെ മത്സ്യ 6000 നെ അയച്ച് തിരിച്ചെത്തിച്ചതിനു ശേഷമേ, യാത്രികരുമായി പേടകം കടലിനടിത്തട്ടിലേക്ക് യാത്ര തിരിക്കൂ. 500 മീറ്റര്‍ ആഴത്തിലാകും ആദ്യ പരീക്ഷണം. പിന്നീട് യഥാര്‍ത്ഥ ലക്ഷ്യമായ 6000 കിലോമീറ്റര്‍ ആഴത്തിലേക്ക് 2026 ലാകും യാത്ര നടത്തുക.
6000 മീറ്റര്‍ ആഴത്തില്‍ സമുദ്രോപരിതലത്തിലേതിനെ അപേക്ഷിച്ച് 600 മടങ്ങ് മര്‍ദം അധികമായിരിക്കും. മൂന്നു യാത്രികരെയാണ് പേടകത്തിനു ഉള്‍ക്കൊള്ളാനാവുക. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയാണ് പദ്ധതിയുടെ അമരക്കാര്‍. സമുദ്രാന്തര്‍ ഭാഗത്ത് ജലത്തിന്റെ അതിസമ്മര്‍ദത്തെ അതിജീവിക്കുന്ന പേടകം നിര്‍മിച്ചിരിക്കുന്നത് ഐഎസ്ആര്‍ഒ ആണ്.
2.1 മീറ്റര്‍ വ്യാസമുള്ള ഗോളമാണ് മദര്‍ഷിപ്പില്‍ നിന്ന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് യാത്ര തിരിക്കുക. ടൈറ്റാനിയം അലോയ് ഉപയോഗിച്ച് 89 മില്ലീമീറ്റര്‍ ഘനത്തിലാണ് ഗോളത്തിന്റെ നിര്‍മാണം. തുടര്‍ച്ചയായി 12 മുതല്‍ 16 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാനാകും. ഇതില്‍ 96 മണിക്കൂര്‍ വരെ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. അന്തര്‍വാഹിനിയുടെ പേടകം ഒഴികെ മറ്റെല്ലാം പുനരുപയോഗിക്കാന്‍ സാധിക്കും.
ആറാമനാകാന്‍ ഇന്ത്യ
നിലവില്‍ അമേരിക്ക, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് സമുദ്രാന്തര്‍ ഗവേഷണത്തിന് മനുഷ്യനെ അന്തര്‍വാഹിനികളില്‍ അയച്ചിരിക്കുന്നത്. ദൗത്യം വിജയകരമായാല്‍ ദൗത്യം പൂര്‍ത്തിയാക്കുന്ന ആറാമത്തെ രാജ്യമാകും ഇന്ത്യ.