
നിപ മരണം: മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി, രണ്ട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിൽ കർശന നിയന്ത്രണം
മലപ്പുറം തിരുവാലിയിലെ 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് അറിയിച്ചു. മാസ്ക് ധരിക്കുന്നത് സംബന്ധിച്ചും വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് സമയം നിശ്ചയിച്ചുകൊണ്ടും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാർഡുകൾ കണ്ടെയ്ന്‍മെന്റ് പ്രദേശമായി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടു. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് മേഖലകളായി കലക്ടര്‍ വി.ആര്‍ വിനോദ് പ്രഖ്യാപിച്ചത്. ഞായറാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്.
കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകളിലെ പ്രധാന നിയന്ത്രണങ്ങള്‍ ഇവയാണ്.
പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല.
വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. (പാല്‍, പത്രം, പച്ചക്കറി എന്നിവയ്ക്ക് രാവിലെ ആറ് മുതല്‍ പ്രവര്‍ത്തിക്കാം).
മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാൻ പാടില്ല.
സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സകള്‍, അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല
മലപ്പുറം ജില്ലയിലെ പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള പ്രധാന നിയന്ത്രണങ്ങള്‍ ഇവയാണ്
ജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം.
ആളുകൾ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റ് കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്‌കൂള്‍ പ്രവൃത്തിസമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
കല്ല്യാണം, മരണം, മറ്റ് കൂടിച്ചേരലുകള്‍ പരമാവധി കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുമ്പോൾ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ ഉപദേശം തേടണം.
പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ മുതലായവ കടിച്ചതോ ഫലവൃക്ഷങ്ങളില്‍നിന്ന് താഴെ വീണുകിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കരുത്.
പഴം, പച്ചക്കറി എന്നിവ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരന്‍. ഇതുവരെ 151 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള അഞ്ച് പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


