
നിപ സീസണല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
കേരളത്തില്‍ നിപ ബാധക്ക് സാധ്യതയുള്ള സീസണായതിനാല്‍ വയനാട് ജില്ലയിലും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി എം ഒ) ഡോ പി ദിനീഷ് അറിയിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം,എറണാകുളം, ഇടുക്കി ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ മുമ്പേ കണ്ടെത്തിയിട്ടുള്ളതാണെന്ന് ഡി എം ഒ പറഞ്ഞു.
ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നിപ പരിവീക്ഷണ പ്രവര്‍ത്തനങ്ങളും ഏകാരോഗ്യ സമീപനത്തിലൂന്നിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്. നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ജനപങ്കാളിത്തവും സാമൂഹ്യ ജാഗ്രതയും ഉണ്ടാവണമെന്ന് ഡി എം ഒ കൂട്ടിച്ചേര്‍ത്തു.
പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങള്‍ ഉപയോഗിക്കരുത്. പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച കലങ്ങളില്‍ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക. നിലത്ത് വീണ പഴങ്ങള്‍ , അടക്ക മുതലായവ എടുക്കുമ്പോള്‍ നിര്‍ബ്ബന്ധമായും കയ്യുറ ഉപയോഗിക്കുക. ഇത്തരത്തില്‍ വവ്വാലുകള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഫലങ്ങളും സ്ഥലങ്ങളും തൊടേണ്ട സാഹചര്യങ്ങളില്‍ കയ്യുറ ഉപയോഗിക്കാനും അഥവാ തൊട്ടാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈകഴുകാനും ശ്രദ്ധിക്കുക.
വവ്വാലുകളെ ആട്ടിയകറ്റുകയോ അവയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയോ ചെയ്യരുത്.ഇത് അവയെ ഭയചകിതരാക്കുകയും കൂടുതല്‍ ശരീര സ്രവങ്ങള്‍ പുറപ്പെടുവിക്കാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ വവ്വാലുകള്‍ തൊടാത്ത വിധം വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും സൂക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.