PHOTO: PTI
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; പൊതുപരിപാടികള്‍ക്കും നിയന്ത്രണം
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. 24 കാരനായ ആരോഗ്യപ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ആരോഗ്യപ്രവര്‍ത്തകന്‍. മരിച്ച വ്യക്തി ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ജോലി ചെയ്തിരുന്നത്.
അഞ്ചുപേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ഇന്ന് പുറത്തുവരും.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
ജില്ലയിലെ എല്ലാ പൊതുപരിപാടികളും പത്തു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവാഹം, റിസപ്ഷന്‍, ഉത്സവങ്ങള്‍, കലാസാംസ്‌കാരിക കായിക മത്സരങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ആളുകള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികള്‍ കഴിയുന്നതും ചടങ്ങുകള്‍ മാത്രമായി ചുരുക്കണമെന്നാണ് നിര്‍ദേശം. വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ ചുരുങ്ങിയ ആളുകളെ മാത്രം ഉള്‍പ്പെടുത്തി നടത്തണമെന്നാണ് നിര്‍ദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്.
നിപ ബാധയെ തുടര്‍ന്ന് പുതിയ ചികിത്സാ മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പനിയുള്ളവര്‍ ഉടന്‍ തന്നെ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും പുതിയ ചികിത്സാ മാര്‍ഗരേഖയില്‍ പറയുന്നു.
മലപ്പുറത്തും ജാഗ്രത
മഞ്ചേരിയില്‍ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാള്‍ നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം നല്‍കി. സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്ത ആളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചു. വയനാട് മാനന്തവാടി പഴശ്ശി പാര്‍ക്കിലേക്കുള്ള പ്രവേശനവും നിര്‍ത്തിവച്ചു. വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന പ്രദേശമായതിനാലാണ് പാര്‍ക്കിലേക്കുള്ള പ്രവേശനം താല്കാലികമായി നിര്‍ത്തിയത്.
തലസ്ഥാനത്തെ ആശങ്ക ഒഴിഞ്ഞു
നിപ രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശോധന നടത്തിയത്.