TMJ
searchnav-menu
post-thumbnail

TMJ Daily

നിപ വൈറസ്; ഐസിഎംആര്‍ സംഘം കോഴിക്കോടെത്തി 

22 Jul 2024   |   1 min Read
TMJ News Desk

ലപ്പുറം പാണ്ടിക്കാട് നിപ ബാധിച്ച്  14 വയസുകാരന്‍ മരിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐസിഎംആര്‍ സംഘം കോഴിക്കോടെത്തിയിട്ടുണ്ട്. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. പ്രതിരോധ നടപടികള്‍, പരിശോധന, ചികിത്സ എന്നിവയില്‍ ഐസിഎംആര്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. 

നിപ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതല്‍ എളുപ്പമാക്കുന്നതിന് മൊബൈല്‍ ബിഎസ്എല്‍-3 ലബോറട്ടറി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കും. ഇതോടെ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്രവ പരിശോധന ഇവിടെ വച്ച് തന്നെ നടത്താനും ഫലം വേഗത്തില്‍ തന്നെ ലഭ്യമാക്കാനും സാധിക്കും.

നിപ മരണം 

ഞായറാഴ്ചയാണ് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 വയസുകാരന്‍ നിപ ബാധിച്ച് മരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. ഹൃദയാഘാതവും ആന്തരിക രക്തസ്രാവവുമുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 11 ദിവസങ്ങള്‍ക്ക് മുമ്പാണ്  കുട്ടിക്ക് പനി ബാധിച്ചത്. പനി കുറയാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു. പിന്നീട് കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലുമാണ് നിപ സ്ഥിരീകരിച്ചത്. 

കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കളെയും അമ്മാവനെയും ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ ക്വാറന്റീനിലാക്കിയിരുന്നു. പിതാവിന് ഞായറാഴ്ച രാവിലെ മുതല്‍ പനിയുള്ളതിനാല്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 101 പേര്‍ ഉയര്‍ന്ന സാധ്യതയുള്ള ഇടത്തുനിന്നുള്ളവരും ആറുപേര്‍ നേരിട്ട് സമ്പര്‍ക്കമുള്ളവരുമാണ്.  സമ്പര്‍ക്കത്തിലുള്ളവരുടെ സാമ്പിള്‍ പരിശോധന നടത്തും.

നിപയെന്ന് സംശയം

നിലവില്‍ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 68 കാരനെ നിലവില്‍ ട്രാന്‍സിറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ലാതിരുന്ന 68 കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവായിരുന്നു.


#Daily
Leave a comment