REPRESENTATIONAL IMAGE : PTI
നിപ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുസ്തി മത്സരം; എത്തിയത് 200 ലേറെ വിദ്യാര്‍ത്ഥികള്‍
നിപ മാനദണ്ഡങ്ങള്‍ ലംഘിച്ച് കോഴിക്കോട് ഗുസ്തി മത്സരം. ജില്ലാ സ്‌കൂള്‍ ഗെയിംസുമായി ബന്ധപ്പെട്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 200 ലേറെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് എത്തിയത്. മത്സരം മാറ്റിവയ്ക്കണമെന്ന കളക്ടറുടെ ഉത്തരവിനെ മറികടന്നാണ് മത്സരം നടക്കുന്നത്. സാമൂഹിക അകലമോ മാസ്‌കോ ഇല്ലാതെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ മത്സരത്തിനായി എത്തിയത്. അണ്ടര്‍ 17,19 മത്സരങ്ങളാണ് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.
ഉത്തരവ് ലംഘിച്ച് മത്സരം നടത്തുകയാണെങ്കില്‍ ഡിഡിഇക്ക് ആയിരിക്കും ഉത്തരവാദിത്തമെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മത്സരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുമതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നിപയില്‍ ആശ്വാസം
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനയ്ക്ക് അയച്ച 61 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് 994 പേരാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ സ്ഥിതി ഭേദപ്പെട്ടു വരികയാണെന്നും മന്ത്രി പറഞ്ഞു.
സാമ്പിളുകള്‍ ശേഖരിക്കും
നിപയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വവ്വാലുകളുടെ സാമ്പിള്‍ ശേഖരണം തുടരും. കുറ്റ്യാടി മരുതോങ്കരയില്‍ നിന്നും പൈക്കളങ്ങാടിയില്‍ നിന്നുമാണ് സാമ്പിളുകള്‍ ശേഖരിക്കുക. കഴിഞ്ഞദിവസം ഈന്ത്, അടക്ക എന്നിവയും പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.